കോഴിക്കോട്ട് റവന്യൂ വകുപ്പിൽ തീർപ്പാക്കാൻ 1.5 ലക്ഷത്തോളം ഫയലുകൾ
file

കോഴിക്കോട്: ജില്ലയിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ എല്ലാം സെപ്റ്റംബർ 15നകം തീർപ്പാക്കാൻ നിർദേശം. തീർപ്പാക്കാനുള്ള ഫയലുകളെപ്പറ്റിയുള്ള അവലോകന യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഉദ്യോഗസ്ഥർക്ക് ഈ നിർദേശം നൽകിയത്.റവന്യൂ, പഞ്ചായത്ത്, വിദ്യാഭ്യാസം, സഹകരണം, വ്യവസായം, പട്ടികജാതി, മൃഗസംരക്ഷണം, സിവിൽ സപ്ലൈസ്, ഫോറസ്റ്റ്, കൃഷി എന്നീ വകുപ്പുകളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, വില്ലേജ്-താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ വേഗം ഫയൽ തീർത്താലാണ് പൊതുജനങ്ങൾക്ക് ആശ്വാസമാവുകയെന്ന കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തി.

കോഴിക്കോട് ജില്ലയിലെ റവന്യൂ ഓഫിസുകളിൽ മാത്രം മൊത്തം 1,49,436 ഫയലുകളുണ്ട്. ഇതിൽ 20 ശതമാനം ഫയലുകൾ തീർപ്പാക്കിയതായി കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്ന വകുപ്പിൻറെ മേധാവികൾ ഇതുവരെയുള്ള നടപടികൾ യോഗത്തിൽ അറിയിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ 50,000 ഫയലുള്ളതിൽ 32,000 എണ്ണം ഇതിനോടകം തീർപ്പാക്കിയെന്നാണ് കണക്ക്. ഇത് 60 ശതമാനത്തിനു മുകളിൽ വരും. ജില്ല വ്യവസായകേന്ദ്രത്തിൽ 4182 ഫയലിൽ 13 ശതമാനമേ തീർക്കാനായുള്ളൂ. ജില്ല ഫോറസ്റ്റ് ഓഫിസ് പരിധിയിൽ 3786 ഫയലുള്ളതിൽ തീർത്തവയുടെ കണക്ക് നൽകിയിട്ടില്ല. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷനു കീഴിൽ 9212 ഫയലിൽ 2940 എണ്ണം മാത്രമേ തീർപ്പാക്കാനായുള്ളൂ.
 

Share this story