കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത: ഫീൽഡ് സർവേ തുടങ്ങി
kozhikod highway

പാലക്കാട്: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതാ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള ഫീല്‍ഡ് സര്‍വേ (ജോയന്റ് മെഷര്‍മെന്റ് സര്‍വേ) തുടങ്ങി. ഗ്രീന്‍ഫീല്‍ഡ് ഉപ ഇടനാഴി (ഐ.സി.ആര്‍.-34) അവസാനിക്കുന്ന കോഴിക്കോട് ദേശീയപാത 66-ലെ പന്തീരങ്കാവില്‍നിന്നാണ് സര്‍വേ തുടങ്ങിയത്. ഒരാഴ്ചയ്ക്കകം മലപ്പുറം, പാലക്കാട് ജില്ലകളിലും സര്‍വേ തുടങ്ങും.

എന്‍.എച്ച്. വിഭാഗത്തിനുവേണ്ടി സ്ഥലമേറ്റെടുപ്പുചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഫീല്‍ഡ് സര്‍വേ നടത്തുന്നത്. അലൈന്‍മെന്റ് തയ്യാറാക്കുന്നതിനായി 25 ശതമാനം ഭൂമി അധികമായി രേഖപ്പെടുത്തിയാണ് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവ് തിട്ടപ്പെടുത്തിയത്. എന്നാല്‍, പാത നിര്‍മിക്കാന്‍ 45 മീറ്റര്‍ വീതി കൃത്യമായി രേഖപ്പെടുത്തിയാണ് അളന്നെടുക്കുക. ഇതിനാല്‍, ജൂണ്‍ ആദ്യം പുറത്തുവന്ന ത്രീ എ വിജ്ഞാപനപ്രകാരം ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിരുന്ന (നോട്ടിഫൈഡ് ഏരിയ) സ്ഥലത്തിന്റെ അളവില്‍ കുറവുണ്ടാകും. ഇതുപ്രകാരം മൂന്ന് ജില്ലകളിലുമായി ആകെ 547 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക.

Share this story