കോഴിക്കോട് എം.ഡി.എം.എ വിൽപന: യുവാവ് അറസ്റ്റിൽ
f

കോഴിക്കോട്: എം.ഡി.എം.എ വിൽപന നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപനക്കായി കൊണ്ടുവന്ന 2.5 ഗ്രാം മയക്കുമരുന്നും ഇയാളിൽനിന്ന് പിടികൂടി.ദാവൂദ് ഭായ് കപ്പാസി റോഡിൽനിന്നാണ് അസിസ്റ്റന്റ് കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് ഇയാളെ പിടികൂടിയത്. മദ്യശാലകൾ അവധിയാകുന്ന ദിവസങ്ങളിൽ ലഹരി പകരാനാണ് മയക്കുമരുന്ന് എത്തിക്കുന്നത്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പുറക്കാട്ടിരിയിൽ ലഹരിവിൽപന നടക്കാതായപ്പോൾ സംഘങ്ങൾ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.പുറക്കാട്ടിരിയിൽ ലഹരിമാഫിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിനിടയിലാണ് പ്രതി പൊലീസ് പിടിയിലായത്.

പൊലീസ് പെൺകുട്ടിയെ ലഹരിമാഫിയയുടെ പിടിയിൽനിന്ന് പെട്ടെന്നുതന്നെ മോചിപ്പിച്ചിരുന്നു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ.ടി. ബിനിൽകുമാർ, സി.പി.ഒ ടി.പി. ശിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Share this story