കോട്ടയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ചു
Congress leaders clashed


കോട്ടയം കൊടുങ്ങൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ പരസ്യമായി തമ്മിലടിച്ചു. ടി.കെ.സുരേഷ് കുമാര്‍, ഷിന്‍സ് പീറ്റര്‍ എന്നിവരാണ് കയ്യാങ്കളി നടത്തിയത്. കയ്യാങ്കളിക്ക് പിന്നില്‍ വ്യക്തപരമായ കാരണങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം .ഇന്നലെ വൈകുന്നേരത്തോടെയാണ് നേതാക്കള്‍ ഏറ്റുമുട്ടന്നത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുത്തു കൊണ്ട് ഒരു റാങ്ക് ഹോള്‍ഡേഴ്‌സ് ജേതാക്കളുടെ പരിപാടി ഇന്നലെ കൊടുങ്ങൂരില്‍ നടന്നിരുന്നു. ഇതിനിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് പരസ്യ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഹാളിന് പുറത്തേക്കിറങ്ങിയ ഷിന്‍സ് പീറ്ററെ ടി.കെ.സുരേഷ് പിടിച്ചു തള്ളുകയായിരുന്നു. ഇത് സിസിടിവിയില്‍ പതിയുകയും ആദ്യം ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് സിപിഐഎം ഉള്‍പ്പെടെ ഏറ്റെടുക്കുകയായിരുന്നു.

ഇരുവരും കോട്ടയം ഡിസിസിയിലെ ശക്തരായിട്ടുള്ള നേതാക്കളാണ്. ഈ അടുത്തിടെ ഇവര്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇത്തരത്തിലുള്ള തുറന്ന പോരിലേക്ക് പോകാന്‍ ഇടയായത്. കഴിഞ്ഞ പുനഃസംഘടനയിലാണ് ഷിന്‍സ് പീറ്റര്‍ ഡിസിസി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഇരുവരും കൊടുങ്ങൂരില്‍ നിന്നു തന്നെയുള്ള നേതാക്കളാണ്. സംഭവത്തെ ഡിസിസി അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

Share this story