കൊല്ലത്ത് കാറിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപന്നം പിടികൂടി
dkdl

അഞ്ചൽ: കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ചെമ്മന്തൂർ ഷിബു ഭവനിൽ ഷിബു (44) ആണ് അറസ്റ്റിലായത്.

മൂന്ന് ചാക്കുകളിലായി നിറച്ച നിലയിൽ രണ്ടായിരത്തി അഞ്ഞൂറോളം കവർ നിരോധിത പുകയില ഉൽപന്നങ്ങളും ഇവ കടത്താനായി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ സ്കൂൾ പരിസരത്തുവെച്ച് വിദ്യാർഥികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നെന്ന രഹസ്യവിവരത്തെതുടർന്ന് പൊലീസ് എത്തി കാറിനെ പിന്തുടർന്ന് പനച്ചവിള കശുവണ്ടി ഫാക്ടറിക്ക് സമീപത്തുവെച്ചാണ് പിടികൂടിയത്.

കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചാക്കുകെട്ടുകൾ. തമിഴ്നാട്ടിൽനിന്ന് വ്യാപകമായ രീതിയിൽ പാൻമസാല കൊണ്ടുവന്ന് ജില്ലയുടെ കിഴക്കൻ മേഖലയിലെ കടകളിലും സ്കൂൾ, കോളജ് വിദ്യാർഥികൾക്കും വിൽപന നടത്തുന്നയാളാണ് ഷിബുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Share this story