കരിങ്കൊടി സമരങ്ങളെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ
kodiyeri balakrishnan

കരിങ്കൊടി സമരങ്ങളെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കരിങ്കൊടി സമര മുദ്രാവാക്യങ്ങൾ അർത്ഥശൂന്യമാണ്‌. ന്യായമായ സമരങ്ങളോട് സർക്കാരിന് എതിർപ്പില്ല. പൊതുജന പ്രതിഷേധം അംഗീകരിക്കുന്ന സർക്കാരാണ് ഇതെന്നും ആലപ്പുഴ ജില്ലാ കലക്ടറെ മാറ്റിയത് ചൂണ്ടിക്കാട്ടി കോടിയേരി പറഞ്ഞു.

ജൂലൈ 29ന്‌ കാക്കനാട്ട്‌ മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക്‌ പൊലീസ്‌ വലയം ഭേദിച്ച്‌ ചാടിവീണ്‌ മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹം ഇരുന്ന ഭാഗത്തെ ഗ്ലാസ്‌ അടിച്ചുപൊട്ടിക്കാൻ തുനിഞ്ഞ ക്രിമിനൽ നടപടിയെ ജനാധിപതൃസമരം എന്ന്‌ ആർക്കാണ്‌ വിശേഷിപ്പിക്കാനാകുക. മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ്‌ ചില്ല് അടിച്ചുപൊട്ടിക്കാൻ ശ്രമിച്ച അക്രമി പോക്സോ അടക്കം ഇരുപതോളം കേസിലെ പ്രതിയാണ്‌.

സോണി ജോർജ്‌ എന്ന ഇയാളുടെ മേലങ്കി യൂത്ത്‌ കോൺഗ്രസ്‌ നേതാവ് എന്നതാണ്‌. ഇതുപോലെ ഒരു സംഭവം പ്രധാനമന്ത്രിക്കോ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കോ എതിരെ ആയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഭരണനടപടിയും തുടർനടപടിയും എന്താകുമായിരുന്നെന്ന് ഊഹിക്കുക. കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന സമരരീതി തികച്ചും ജനാധിപത്യവിരുദ്ധമാണ്‌.

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ മൂന്ന്‌ ക്രിമിനലുകളെ കോൺഗ്രസ്‌- യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വം ഗൂഢാലോചന നടത്തി 'അക്രമസംഭവം' സൃഷ്ടിക്കാൻ നിയോഗിച്ചതുമുതൽ കാക്കനാട്‌ സംഭവംവരെ ഏറ്റവും പ്രാകൃതമായ സമരമുറകളാണ്‌. വിമാനത്തിൽ കയറിയവർ ഉരിപ്പിടത്തിൽ ഇരുന്ന്‌ പ്രതിഷേധിക്കുകയായിരുന്നില്ല. മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച്‌ പാഞ്ഞുചെല്ലുകയായിരുന്നില്ലേ.

ഉദ്ദേശ്യം സമാധാനപരമായിരുന്നെങ്കിൽ ആ രീതി അവലംബിക്കില്ലായിരുന്നു. ഇത്തരം അരാജകത്വ സമരമുറകൾ ജനാധിപത്യം നിലനിൽക്കുന്ന ഒരു നാടിന്‌ യോജിച്ചതല്ല. കരിങ്കൊടി സമരത്തിന്‌ ഉയർത്തുന്ന മുദ്രാവാക്യത്തിന്റെ അർഥശൂന്യതയാണ്‌ മറ്റൊരു ഘടകം.

സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറ്റുപിടിച്ച്‌ മുഖ്യമന്ത്രിക്കും മറ്റും എതിരെ കരിങ്കൊടി കാട്ടുന്നത്‌ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന അംഗീകൃത സമരമാർഗമാണോ? അങ്ങനെയെങ്കിൽ എന്തേ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ എതിരെ ഈ കറുത്തകൊടി ഉയരുന്നില്ല?- കോടിയേരി ചോദിച്ചു .
 

Share this story