കൊടകര കെ.എസ്.ഇ.ബി. ഓഫീസില്‍ മോഷണം: അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
arrest

തൃശൂര്‍: കെ.എസ്.ഇ.ബിയുടെ അലുമിനിയം കമ്പികളും മെറ്റീരിയല്‍സും മോഷ്ടിച്ച നാല് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. കൊടകര കെ.എസ്.ഇ.ബി. ഓഫീസില്‍നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ അലുമിനിയം കമ്പികളും മെറ്റീരിയല്‍സും മോഷ്ടിച്ച നാല് അന്യസംസ്ഥാന തൊഴിലാളികളെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. അലുമിനിയം കമ്പിയും മറ്റും മോഷണം പോയതായി കാണിച്ചു കൊടകര കെ.എസ്.ഇ.ബി.  എന്‍ജിനീയറുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ്
പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊരട്ടിയിലെ ആക്രിക്കടയിലെ ജോലിക്കാരായ ഉത്തര്‍പ്രദേശ് സ്വദേശികളായ ജാവേദ്, മുഹമ്മദ് അലം, ഇനാമുല്‍, ബംഗാള്‍ സ്വദേശി സദ്ദാം ഷേക്ക് എന്നിവര്‍ ഒന്നിച്ച് പെട്ടി ഓട്ടോയില്‍ കെ.എസ്.ഇ.ബിയുടെ കൊടകര മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍നിന്നും അലുമിനിയം കമ്പിയും മറ്റും കയറ്റി
പോകുന്നതിനിടെയാണ് കൊടകര പോലീസ് പോട്ടയില്‍ വച്ച് പ്രതികളെ പിടികൂടിയത്.

ഇവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നടന്ന മോഷണങ്ങളില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്.ഐമാരായ പി.ജി. അനൂപ്, സി.കെ. ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മരായ സിജു ആലുക്ക, ഷിജുമോന്‍, ബിനു എന്നിവരുമുണ്ടായിരുന്നു.  

Share this story