'കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്‌തികൾ ശ്രമിക്കുന്നത്'; സ്‌പീക്കർ എംബി രാജേഷ്
വായന സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ചു: സ്പീക്കർ എം.ബി രാജേഷ്

തിരുവനന്തപുരം: തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്‌തികൾ ശ്രമിക്കുന്നതെന്ന് സ്‌പീക്കർ എംബി രാജേഷ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ രണ്ട് ശക്‌തികളും. ഇത്തരം വർഗീയ ശക്‌തികളെ സമൂഹത്തിൽ നിന്നും പരിപൂർണമായും ഒറ്റപ്പെടുത്തണം. അതോടൊപ്പം സമാധാനകാംക്ഷികളെ ഒന്നിപ്പിക്കാനുളള ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഉണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിലാണ് സ്‌പീക്കറുടെ പ്രതികരണം. “വളരെ ആസൂത്രിതമായി നടപ്പാക്കുന്ന കൊലപാതകങ്ങളാണിത്. ഇതിന്റെ പിന്നിൽ കൃത്യമായ ഉദ്ദേശങ്ങളുണ്ട്. കേരളത്തിലാകെ വർഗീയമായ ചേരിതിരിവ് സൃഷ്‌ടിക്കുക. കലാപം ഉണ്ടാക്കാനുളള ശ്രമമാണ് നടക്കുന്നത്. ആലപ്പുഴയിൽ അതിനുളള ശ്രമം ഉണ്ടായി. എന്നാൽ വിജയിച്ചില്ല. അപ്പോൾ അടുത്ത കേന്ദ്രം തിരഞ്ഞെടുക്കുകയാണ്.

അക്രമങ്ങളിൽ പോലീസ് കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്‌തികളാണ്. കൊല്ലാനും കൊല്ലപ്പെടുവാനും മനസുളള സംഘങ്ങളെ അവർ വാർത്തെടുക്കുകയാണ്. ഇതിനെ സാധാരണ ഒരു രാഷ്‌ട്രീയ അക്രമമായി കാണാനാകില്ല. നേരത്തെ തയ്യാറാക്കിവച്ച കില്ലർ സ്‌ക്വാഡുകളും ഹിറ്റ് ലിസ്‌റ്റും പ്രകാരമുളള പദ്ധതിയാണ് അവർ നടപ്പാക്കിയത്; സ്‌പീക്കർ എംബി രാജേഷ് പറഞ്ഞു.

Share this story