കേരളത്തിൽ ഈ വർഷം ലഭിച്ചത് 66 ശതമാനം അധിക മഴ

google news
Summer rain


തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ലഭിച്ചത് റെക്കോർഡ് വേനൽമഴ. മാർച്ച് ഒന്ന് മുതൽ ഇതുവരെ 66 ശതമാനം അധിക മഴയാണ് സംസ്‌ഥാനത്ത്‌ പെയ്‌തത്‌. 156.1 മില്ലീമീറ്റർ മഴ കിട്ടേണ്ട സ്‌ഥാനത്ത്‌ 259 മില്ലീമീറ്റർ മഴയാണ് ഈ വർഷത്തെ വേനൽക്കാലത്ത് കേരളത്തിന് ലഭിച്ചത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 189 ശതമാനം അധിക മഴയാണ് ജില്ലയിൽ പെയ്‌തത്‌.

എന്നാൽ, തിരുവനന്തപുരത്ത് ശരാശരി ലഭിക്കേണ്ട മഴയെക്കാൾ 4 ശതമാനം അധിക മഴ മാത്രമാണ് പെയ്‌തത്‌. കണ്ണൂർ, വയനാട്, എറണാകുളം, കോട്ടയം,പത്തനംതിട്ട, ജില്ലകളിൽ ശരാശരി ലഭിക്കേണ്ട മഴയെക്കാൾ ഇരട്ടിയിലധികം മഴ ഇതുവരെ കിട്ടി. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തിലെ 9 ജില്ലകളിൽ ശരാശരി ലഭിക്കേണ്ട മഴയെക്കാൾ 60 ശതമാനത്തിലധികം മഴ ഇതുവരെ കിട്ടി.

എന്നാൽ സംസ്‌ഥാനത്ത്‌ വേനൽമഴ കനിഞ്ഞെങ്കിലും ചൂടിന് കുറവില്ല. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ശരാശരി താപനിലയിൽ 2 ഡിഗ്രിയോളം വർധനവ് ഉണ്ട്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇവിടെ ചൂട്. ആലപ്പുഴയിലും തിരുവനന്തപുരത്തും താപനിലയിൽ 2 ഡിഗ്രിയിലേറെ വർധനവ് ഉണ്ട്.

Tags