രാജ്യത്ത് ഏറ്റവും കൂടിയ ദിവസ വേതനം കേരളത്തില്‍

google news
work

രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടിയ ദിവസ വേതനം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ഹാന്‍ഡ് ബുക്കിലാണ് ഈ കണക്കുകളുള്ളതെന്ന് മന്ത്രി പറഞ്ഞു.

'നിര്‍മ്മാണ മേഖലയില്‍ ഏറ്റവും കുറവ് കൂലിയുള്ള ത്രിപുര, മധ്യപ്രദേശ് സംസ്ഥാനങ്ങളെക്കാള്‍ മൂന്നിരട്ടിയില്‍ അധികം വേതനമാണ് കേരളം നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. കേരളത്തില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളിക്ക് ശരാശരി പ്രതിദിനം 837.30 രൂപ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ 250 രൂപയും മധ്യപ്രദേശില്‍ 267 രൂപയും ഗുജറാത്തില്‍ 296 രൂപയും മഹാരാഷ്ട്രയില്‍ 362 രൂപയും ആണെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. ജമ്മു കശ്മീര്‍: 519 രൂപ, തമിഴ്‌നാട്: 478 രൂപ, ഹിമാചല്‍ പ്രദേശ്: 462 രൂപ, ഹരിയാന: 420, ആന്ധ്രപ്രദേശ്: 409 രൂപ.'
കാര്‍ഷിക മേഖലയിലും മറ്റു മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മേഖലകളിലും കേരളം തന്നെയാണ് പ്രഥമശ്രേണിയില്‍. ദേശീയ ശരാശരിയെക്കാള്‍ ഏറെ മുകളിലാണ് ദിവസ വേതന കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം. തൊഴിലാളി സൗഹൃദ സംസ്ഥാനമാണ് കേരളം എന്നതിനുള്ള അംഗീകാരമാണ് ഈ കണക്കുകളെന്നും 59 തൊഴില്‍ മേഖലകളില്‍ മിനിമം കൂലി നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

Tags