കശ്‌മീർ റിക്രൂട്ട്മെന്റ് കേസ് : പത്ത് പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

google news
court


കൊച്ചി: കശ്‌മീർ റിക്രൂട്ട്മെന്റ് കേസിൽ പത്ത് പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി. പ്രതികൾക്കെതിരെ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെ എൻഐഎ നൽകിയ അപ്പീൽ ഹൈക്കോടതി അനുവദിച്ചു.

രണ്ടാം പ്രതി എംഎച്ച് ഫൈസൽ, 14ആം പ്രതി മുഹമ്മദ് ഫസൽ, 22ആം പ്രതി ഉമർ ഫാറൂഖ് എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. ശിക്ഷിക്കപ്പെട്ട പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജസ്‌റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. എൻഐഎ കോടതി ശിക്ഷ ചോദ്യംചെയ്‌ത് തടിയന്റവിട നസീർ, സർഫറാസ് നവാസ് സാബിർ, പി ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീൽ നൽകിയിരുന്നത്.

പ്രതികൾക്കെതിരെ ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്‌തായിരുന്നു എൻഐഎയുടെ അപ്പീൽ. തടിയന്റവിട നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്‌ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്നാണ് കേസ്. 24 പ്രതികൾ ഉണ്ടായിരുന്ന കേസിൽ നാലുപേർ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടുപേർ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്‌തരാക്കി. 13 പ്രതികൾക്കാണ് ഇരട്ട ജീവപര്യന്തം അടക്കമുള്ള ശിക്ഷ വിധിച്ചത്.

Tags