കാസർഗോഡ് വീണ്ടും സദാചാര ഗുണ്ടായിസം : ബിഎംഎസ്‌ പ്രവർത്തകർ അറസ്‌റ്റിൽ
arrest


കാസർഗോഡ്: നഗരത്തിൽ വീണ്ടും സദാചാര ഗുണ്ടായിസം. സിനിമ കാണാനെത്തിയ പ്‌ളസ് ടു വിദ്യാർഥിക്കും വിദ്യാർഥിനിക്കും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അഞ്ച് ബിഎംഎസ് പ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്‌തതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം തളങ്കരയിലും സമാന രീതിയിലുള്ള ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് നേരെയും സദാചാര ഗുണ്ടായിസമുണ്ടായത്. വിദ്യാനഗറിലെ പ്രശാന്ത് (26), അണങ്കൂർ ജെപി നഗറിലെ പ്രദീപ് (37), നെല്ലിക്കാമൂലയിലെ വിനോദ് കുമാർ (40), ദേവിനഗർ പള്ളിത്തറ ഹൗസിൽ നാഗേഷ് (33) എന്നിവരാണ് അറസ്‌റ്റിലായത്‌. കാസർഗോഡ് സിഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ ദിവസം ഉച്ചയോടെ നഗരത്തിലെ ഒരു തിയേറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു വിദ്യാർഥികൾ. ബ്‌ളോക്ക് ഓഫിസിന് സമീപത്തെ തിയേറ്ററിലേക്ക് ഇരുവരും കയറിയെങ്കിലും ടിക്കറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ മടങ്ങി. കെപിആർ റാവു റോഡിന് സമീപം എത്തിയപ്പോഴാണ് വിദ്യാർഥികളെ സദാചാര സംഘം തടഞ്ഞത്.

വാക്കേറ്റത്തിനൊടുവിൽ വിദ്യാർഥികൾക്ക് നേരെ കയ്യേറ്റവുമുണ്ടായി. പോലീസെത്തി ഇരുവരെയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി ചോദ്യം ചെയ്‌തെങ്കിലും വിദ്യാർഥികൾ പരാതിയില്ലെന്ന് അറിയിച്ചു. എന്നാൽ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് കേസെടുക്കുകയായിരുന്നു.

Share this story