കാസർഗോഡ് മെഡിക്കൽ ഷോപ് ജീവനക്കാരിയായ യുവതിയെ ഭർത്താവ്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി
fire

ചെറുവത്തൂർ : യുവതിയെ ഭർത്താവ്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി. ചെറുവത്തൂർ ടൗണിലെ വി.ആർ മെഡിക്കൽസ്‌ ജീവനക്കാരി ബിനീഷയെയാണ്‌ (34) ഭർത്താവ്‌ തുരുത്തി ആലിനപ്പുറത്തെ എം. പ്രദീപൻ (40) പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്‌. ശനിയാഴ്ച പകൽ രണ്ടോടെയാണ്‌ സംഭവം. മെഡിക്കൽ ഷോപ് ഉടമ വി. ശ്രീധരൻ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു അക്രമം നടത്തിയത്‌.

തീപടർന്നതോടെ യുവതി നിലവിളിച്ചു പിൻവശത്തുള്ള വഴിയിലൂടെ പുറത്തേക്കോടി. സമീപത്തുണ്ടായിരുന്ന തൊഴിലാളികളും വ്യാപാരികളും ചേർന്ന്‌ തീയണച്ച്‌ യുവതിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീകൊളുത്തുന്നതിനിടയിൽ പ്രദീപന്റെ ദേഹത്തും തീപടർന്നു. തീയണച്ച്‌ ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. തുടർന്ന്‌ ഇയാളെയും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവർക്കും മുഖത്തും കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കൽ ഷോപ്പിൽ തീയാളിപ്പിടിച്ചതിനെ തുടർന്ന്‌ അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. മെഡിക്കൽ ഷോപ് ഭാഗികമായി നശിച്ചു.
 

Share this story