കരുവന്നൂർ : റിയൽ എസ്റ്റേറ്റുകാരുടെ വായ്പക്കുടിശിക 50 കോടിയിലേറെ
karivannur-bank

തൃശൂർ : 227 കോടി രൂപയുടെ തട്ടിപ്പു സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്നു കരകയറാൻ കിണഞ്ഞുശ്രമിക്കുന്നതിനിടെ കരുവന്നൂർ സഹകരണ ബാങ്കിന്റെ കാലുവാരി റിയൽ എസ്റ്റേറ്റ് ഇടപാടുകാർ. ഇരിങ്ങാലക്കുട നഗരത്തിലും കരുവന്നൂർ മേഖലയിലുമായി ഇക്കൂട്ടർക്കു ബാങ്കിലുള്ളത് 50 കോടിയിലേറെ രൂപയ‍ുടെ വായ്പക്കുടിശിക. 

തട്ടിപ്പുകൾ പുറത്തുവന്നതോടെ ഇവർ തിരിച്ചടവു നിർത്തിയതു ബാങ്കിനെ പ്രതിസന്ധിയിലാക്കി. കരുവന്നൂർ തട്ടിപ്പിലെ മുഖ്യ ആസൂത്രകനായ നാലാം പ്രതി കിരൺ ഇടപെട്ടു തരപ്പെടുത്തി നൽകിയ വായ്പകളാണിതെന്ന‍ാണു വിവരം.

മതിയായ ഈടുരേഖകളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും കിരൺ ഇടനിലക്കാരനായി 22 കോടിയിലേറെ രൂപയുടെ വായ്പകൾ പാസാക്കി നൽകിയെന്ന‍ാണ് ഔദ്യോഗിക കണ്ടെത്തൽ. സഹകരണ മാനദണ്ഡങ്ങൾ ലംഘിച്ചു കെട്ടിടങ്ങൾ ഈടുവച്ചും ഒരേ ഭൂമി പലരുടെ പേരിൽ പണയപ്പെടുത്തിയുമൊക്കെ 50 ലക്ഷം രൂപ വരെ ഇത്തരക്കാർക്കു വായ്പയായി നൽകി. ഇവർ കൃത്യമായി തവണ അടച്ചിരുന്നെങ്കിലും ബാങ്കിലെ തട്ടിപ്പുകൾ പുറത്തുവന്നതോടെ തിരിച്ചടവു നിർത്തി. മാനദണ്ഡപ്രകാരമല്ല വായ്പയെന്നതിനാൽ ഇവരുടെ പേരിലെ ഈടുവസ്തുക്കൾ ജപ്തി ചെയ്യാൻ ബാങ്കിനു നിയമപരമായി അനുവാദവുമില്ല. 
 

Share this story