കണ്ണൂരിൽ ലൈംഗിക പീഢന കേസിൽ കൗൺസിലർക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു ​​​​​​​
councilor

കണ്ണൂർ: സഹകരണ സൊസെറ്റി ജീവനക്കാരിയായ ഭർതൃമതിയായ യുവതിയെ ലൈംഗികമായി പീഢിപ്പിച്ച  കേസിൽ പ്രതിയായ കണ്ണൂർ കോർപറേഷൻ കിഴുന്ന വാർഡ് കൗൺസിലർക്കായി പൊലിസ് അന്വേഷണം ശക്തമാക്കി. പൊലീസ് കേസെടുത്ത കുറ്റാരോപിതന് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് പൊലിസ് അറസ്റ്റു ചെയ്യാനായി നീക്കങ്ങൾ നടത്തുന്നത്.

എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ  സഹകരണ സ്ഥാപന ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്ത കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് പി.വി.കൃഷ്ണകുമാറിനാണ് തലശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.

 പീഢന കേസിൽ പ്രതിയായ കൃഷ്ണകുമാർ കൗൺസിലർ സ്ഥാനം രാജി വയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു എൽ.ഡി.എഫ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ചു കോർപറേഷനു മുൻപിൽ ധർണ നടത്തിയിരുന്നു. കണ്ണൂർ കോർപറേഷനിലെ തോട്ടട കിഴുന്ന വാർഡും മെമ്പറും കോൺഗ്രസ് പ്രാദേശികനേതാവുമാണ് കൃഷ്ണകുമാർ. ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് കൃഷ്ണകുമാറിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും ഡി.സി സി അധ്യക്ഷൻ മാർട്ടിൻ ജോർജ് പുറത്താക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 15 നാണ് കേസിനാസ്പദമായ സംഭവം. സഹകരണ സ്ഥാപനത്തിൽ ജീവനക്കാരിയെ ഭരണ സമിതി അംഗമായ കൃഷ്ണകുമാർ ആരുമില്ലാത്ത സമയത്ത് ഓഫിസിലെ സ്റ്റോർ മുറിയിൽ വെച്ചു ലൈംഗിക ഉദ്ദ്യേശത്തോടെ പുറകിൽ നിന്നും കടന്നു പിടിക്കുകയും രഹസ്യഭാഗങ്ങളിൽ സ്പർശിച്ചു  അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

സജീവ കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യ കൂടിയാണ് പരാതിക്കാരി. യുവതി വീട്ടിൽ വിവരം പറഞ്ഞതനുസരിച്ച് ഭർത്താവിനൊപ്പം കഴിഞ്ഞ 18 ന് എടക്കാട് പൊലിസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്താണ് കേസ് അന്വേഷണം നടത്തുന്നത്.

Share this story