വീണ്ടും കറുത്ത ആഗസ്ത് : കണ്ണൂരില്‍ പ്രകൃതിയുടെ താണ്ഡവത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവന്‍

google news
kannur-death

കണ്ണൂര്‍:കനത്ത മഴയില്‍  കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ നാശനഷ്ടം തുടരുന്നു. 2018-ലെ പ്രളയത്തെ അനുസ്മരിക്കുന്ന വിധത്തിലുള്ള നാശനഷ്ടമാണ് കണ്ണൂരിന്റെ മലയോരമേഖലിയിലുണ്ടായത്. ഒന്നാം പ്രളയത്തില്‍ അഞ്ചു പേരുടെ ജീവന്‍ അപഹരിച്ചുവെങ്കില്‍ ഇക്കുറി അതേ ആഗസ്തില്‍ തന്നെയുണ്ടായ ചക്രവാതച്ചുഴിയുണ്ടാക്കിയ പേമാരി മൂന്ന് ജീവനുകളാണ് അപഹരിച്ചത്. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു.

 ഒരാളെ കാണാതായി. കേളകം താഴെവെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ്(45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നൂമ തസ്മീന്‍ എന്നിവരാണ് മരിച്ചത്. കണിച്ചാര്‍ വില്ലേജ് വെള്ളറ കോളനിയിലെ ചന്ദ്രനെ(55)യാണ് കാണാതായത്. പൂളക്കുറ്റി എല്‍ പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇവിടെ 31 പേര്‍ അഭയം തേടിയിട്ടുണ്ട്.

കണിച്ചാര്‍ പഞ്ചായത്ത് തുടിയാട് കച്ചറമുക്ക് റോഡില്‍ മൂന്ന് ഭാഗത്ത് ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ പത്തോളം കുടുംബങ്ങളെ ഫയര്‍ & റെസ്‌ക്യു സേനാംഗങ്ങള്‍ സാഹസികമായി റോപ്പ് റെസ്‌ക്യു കിറ്റിന്റെയും സ്ട്രക്ച്ചറിന്റെയും സഹായത്താല്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

 മലവെള്ളപാച്ചിലില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.  നെടുപൊയില്‍-മാനന്തവാടി റോഡില്‍ മൂന്ന് കിലോ മീറ്ററോളം ദൂരത്ത് റോഡ് തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബദല്‍ മാര്‍ഗമായി പാല്‍ചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

Tags