കല്ലുവാതുക്കൽ മദ്യദുരന്ത കേസ് : മണിച്ചന്‍റെ ജയില്‍ മോചനം; സംസ്ഥാന സർക്കാരിന് നോട്ടീസ്, മൂന്നാഴ്ച്ചയ്ക്കകം മറുപടി നല്‍കണം

google news
manichan

കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ മോചനത്തിന് 30 ലക്ഷം കെട്ടി വെക്കണമെന്ന ഉത്തരവിൽ ഇളവ് തേടി ഭാര്യ ഉഷ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ്. മൂന്നാഴ്ച്ചയക്കം സര്‍ക്കാര്‍ മറുപടി നൽകണം. ഗവർണർ മോചിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടും പിഴ കെട്ടിവെയ്ക്കണമെന്ന നിബന്ധന അതിശയകരമെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായിട്ടില്ല. 

പിഴയായി ഹൈക്കോടതി വിധിച്ച് മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചത്. മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന്  സുപ്രീംകോടതി മെയ് മാസം 20 ന് നിര്‍ദേശിച്ചിരുന്നു. 

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ. 2000 ഒക്ടോബർ  21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ മോചിപ്പിച്ചിരുന്നു. 

Tags