എല്‍ഡിഎഫ് സ്വതന്ത്ര എംഎല്‍എമാര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ
k t jaleel

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര എംഎല്‍എമാര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാരെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു ജലീലിന്‍റെ കുറിപ്പ്.  മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടു പിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂർവം ആലോചിച്ചാൽ നന്നാകും. യഥാർത്ഥ മതനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും നിൽക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കിൽ 'അസുഖം' വേറെയാണ്. അതിനുള്ള ചികിത്സ വേറെത്തന്നെ നൽകണമെന്നും ജലീല്‍ വ്യക്തമാക്കി. മതനിരപേക്ഷ മനസ്സുകളെ ജലീലും അൻവറും അകറ്റി എന്നായിരുന്നു സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമർശനം. 

മത സാമുദായിക ശക്തികളോട് സർക്കാർ അനാവശ്യ മമത കാണിക്കുന്നുവെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച  റിപ്പോർട്ടിൽ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടത് എംഎല്‍എമാരായ  പി വി അൻവറിനും കെ.ടി.ജലീലിനും എതിരെയും  വിമർശനം ഉയര്‍ന്നു. ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുന്നുവെന്നും ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും വിമര്‍ശനമുയര്‍ന്നു.

Share this story