മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ചതില്‍ മെക്കാനിക്കിനെതിരെ നടപടിയെടുക്കാതെ കെ.എസ്.ആര്‍.ടി.സി
ksrtc

തിരുവനന്തപുരത്ത് മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂട്ടത്തിലുണ്ടായിരുന്ന മെക്കാനിക്കിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാതെ കെ.എസ്.ആര്‍.ടി.സി. അതിക്രമത്തില്‍ നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ പ്രേമനനെ ഇടിച്ചിട്ട മെക്കാനിക്കല്‍ ജീവനക്കാരനെതിരെ നടപടി ഒഴിവാക്കി. അതേസമയം, ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്‌തേക്കും.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ പ്രേമനന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ച നീല ഷര്‍ട്ടിട്ട മെക്കാനിക്കിന്റെ കാര്യം പറയുന്നുണ്ട്. അച്ഛനെയും മകളെയും ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് എഫ്.ഐ.ആറിലും പേരറിയാത്ത മെക്കാനിക്കിനെ പ്രതിച്ചേര്‍ത്തു.


എന്നാല്‍, അന്വേഷണത്തിന് എത്തിയ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം, മെക്കാനിക്കിനെ തിരിച്ചറിഞ്ഞില്ല. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍.സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി.മിലന്‍ ഡോറിച്ച് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.

മെക്കാനിക്കിനെ ഒഴിവാക്കിയതില്‍ ഗതാഗതവകുപ്പോ കെ.എസ്.ആര്‍.ടി.സിയോ കൃത്യമായ ഉത്തരം നല്‍കുന്നില്ല. അതേസമയം, ജീവനക്കാരെ പ്രതിച്ചേര്‍ത്ത് കാട്ടാക്കട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് തുടര്‍നടപടിയുണ്ടാകുമെന്നാണ് വിവരം.

Share this story