ലാഭമുണ്ടാക്കുകയല്ല, മറിച്ച് മികച്ച പൊതുഗതാഗതം ഒരുക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു

google news
antony raju

ലാഭമുണ്ടാക്കുകയല്ല, മറിച്ച് സംസ്ഥാനത്തുടനീളം മികച്ച പൊതുഗതാഗതം ഒരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി.യുടെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പറവൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ സ്ഥലത്ത് പുതുതായി ഒരുക്കിയ യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആര്‍.ടി.സി.ക്ക് ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഡിപ്പോയോടു ചേര്‍ന്ന് പെട്രോള്‍-ഡീസല്‍ പമ്പുകള്‍ സ്ഥാപിക്കുന്നത്. കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനികളുടെ സഹകരണത്തോടെയാണിത്. ഗുണമേന്മയും കൃത്യമായ അളവിലും തൂക്കത്തിലുമുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റുകളില്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

സമീപഭാവിയില്‍ സി.എന്‍.ജി., എല്‍.എന്‍.ജി., വൈദ്യുതി ഫാസ്റ്റ് ചാര്‍ജിങ് എന്നിവയും ഇങ്ങനെ ലഭ്യമാക്കും. കേരളത്തിലെ ഒമ്പതാമത്തെ ഔട്ട്ലെറ്റാണ് പറവൂരിലേത്. ഗതാഗതത്തോടൊപ്പം ഇന്ധന വിതരണ രംഗത്തും കെ.എസ്.ആര്‍.ടി.സി. സജീവ സാന്നിധ്യമാകും.

ഗതാഗത മേഖലയിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനമാണ് കേരളം. അതതു മാസം അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നഗരസഭ ചെയര്‍പേഴ്സണ്‍ വി.എ. പ്രഭാവതി അധ്യക്ഷത വഹിച്ചു. ദീപക് ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ജെ. രാജു, പ്രതിപക്ഷ നേതാവ് ടി.വി. നിഥിന്‍, കെ.ടി. സെബി, ഇ.ജി. ശശി തുടങ്ങിയവര്‍ സംസാരിച്ചു.

Tags