കെഎസ്ആർടിസി : ആസ്തികളും കെടിഡിഎഫ്സി നിർമാണങ്ങളും സർക്കാർ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി

google news
ksrtc

കൊച്ചി : കെഎസ്ആർടിസിയുടെ ആസ്തികളും കെടിഡിഎഫ്സി നടത്തിയ നിർമാണങ്ങളും സർക്കാർ ഓഡിറ്റിനു വിധേയമാക്കണമെന്നു ഹൈക്കോടതി. ബാങ്ക് കൺസോർഷ്യത്തിനുള്ള കെഎസ്ആർടിസിയുടെ വായ്പ എങ്ങനെ തീർപ്പാക്കുമെന്നുള്ള കാര്യത്തിലും ഓഡിറ്റ് കാര്യത്തിലും സർക്കാരിന്റെ തീരുമാനം അറിയിക്കാൻ ഒരു മാസം അനുവദിച്ചു. കെഎസ്ആർടിസിയുടെ ഭാവി ഇരുട്ടിലാണെന്നു പറഞ്ഞ കോടതി, മാനേജ്മെന്റും ജീവനക്കാരും സർക്കാരും ഇതു മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് ഓർമപ്പെടുത്തി. സർക്കാർ സഹായിച്ചാൽ 10നകം ശമ്പളം നൽകുമെന്നാണു കെഎസ്ആർടിസി പറയുന്നത്. എത്രകാലം ഇങ്ങനെ ‘സ്പൂൺ ഫീ‍ഡിങ്’ പറ്റും? 

പ്രതിമാസം 30 കോടിയിലേറെ ബാങ്ക് കൺസോർഷ്യത്തിനു വായ്പ അടയ്ക്കണം. സർക്കാർ നൽകുന്ന 30–50 കോടി രൂപ ഈയിനത്തിൽ ചെലവാകുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. പിടിച്ചു നിൽക്കാൻ ടിക്കറ്റ് ഇതര വരുമാനവും കൂട്ടണം. കെഎസ്ആർടിസിക്ക് സ്ഥലവും കെട്ടിടങ്ങളും ഓഫിസുകളും ഷോപ്പിങ് കേന്ദ്രങ്ങളുമുണ്ട്. ഇവ പ്രയോജനപ്പെടുത്തി ലാഭമുണ്ടാക്കാൻ നോക്കുന്നില്ല. ബാധ്യതയുടെ വലിയ പങ്കും അശാസ്ത്രീയ നിർമാണങ്ങൾ മൂലമാണെന്നു കോടതി പറഞ്ഞു. കെടിഡിഎഫ്സി പണിത കെട്ടിടങ്ങൾക്കു നിലവാരം ഇല്ലാത്തതിനാൽ ആവശ്യക്കാരില്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.  

സർക്കാരിന്റെ വിവിധ പദ്ധതികളിൽ സൗജന്യ ടിക്കറ്റ് ഏർപ്പെടുത്തിയ ഇനത്തിൽ വൻതുക സർക്കാർ നൽകാനുണ്ടെന്നും ഹർജിക്കാർ ആരോപിച്ചു. ഇതും കെഎസ്ആർടിസി  വിശദീകരിക്കണം. സാധാരണ ജീവനക്കാരുടെ ജൂലൈയിലെ ശമ്പളം ഈ മാസം 10നു മുൻപു നൽകണം. ജൂണിലെ ശമ്പളം നൽകിത്തുടങ്ങിയെന്നും ഈ മാസം 5നു മുൻപ് പൂർത്തിയാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചതു രേഖപ്പെടുത്തിയിട്ടുമുണ്ട്.  

∙ സർക്കാരിന് കീഴിലാക്കാനാകില്ല

കെഎസ്ആർടിസി അടച്ചുപൂട്ടാനോ സർക്കാരിന്റെ കീഴിലുള്ള വകുപ്പ് ആക്കാനോ ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി യോഗം വിളിച്ചുകൂട്ടി ചർച്ചകൾ നടത്തിയെന്നും ഉത്പാദനക്ഷമത കൂട്ടാൻ ശ്രമം നടക്കുകയാണെന്നും ഗതാഗത വകുപ്പ് അഡീഷനൽ സെക്രട്ടറി കെ. എസ്. വിജയശ്രീ അറിയിച്ചു. 2022 മാർച്ച് 31 വരെ കെഎസ്ആർടിസി സർക്കാരിനു 8532.66 കോടി രൂപ നൽകാനുണ്ട്. ലോക്ഡൗൺ ആണു പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. 20–21ൽ 1739.86 കോടിയും 21–22ൽ 2037.51 കോടി രൂപയും അനുവദിച്ചു.

സർക്കാർ അനുവദിച്ച 50 കോടി രൂപയ്ക്കു വാങ്ങിയ 116 സൂപ്പർക്ലാസ് ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി ഉപയോഗിക്കുന്നുണ്ട്. ഓടിക്കാൻ പറ്റാത്ത ബസുകൾ മിൽമ, കുടുംബശ്രീ, മത്സ്യഫെഡ് എന്നവയുമായി ചേർന്ന് ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. പ്രതിവർഷം ബജറ്റിൽ അനുവദിക്കുന്ന 1000 കോടി രൂപയിൽ കോർപറേഷന്റെ ചെലവു പരിമിതപ്പെടുത്തണം. വരുമാനം ഉണ്ടാക്കാനാണു കെഎസ്ആർടിസി – സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചത്. കോർപറേഷനെ 3 മേഖലകളാക്കി തിരിച്ചു. പ്രതിദിനവരുമാനം 8 കോടി ആക്കാനാണു ശ്രമം. പക്ഷേ, പരിഷ്കാരങ്ങളോടു ജീവനക്കാർ സഹകരിക്കുന്നില്ലെന്നും ആരോപിച്ചു.

യൂണിയനു കോടതിയുടെ വിമർശനം

മാനേജ്മെന്റ് നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളോടു മുഖം തിരിച്ചു നിൽക്കുന്ന യൂണിയനുകളുടെ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു. കോർപറേഷന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഒറ്റ ബസ് പോലും വെറുതെയിടാനാവില്ലെന്നും ജീവനക്കാർ സഹകരിക്കാതെ തരമില്ലെന്നും കോടതി പറഞ്ഞു. യൂണിയനുകൾ ഇപ്പോഴും സമരപാതയിലാണെന്നു സർക്കാരിന്റെ റിപ്പോർട്ടിലുണ്ട്. 700 ബസുകൾ ഓടിക്കാതെ ഇട്ടിരിക്കുകയാണെന്ന കെഎസ്ആർടിസിയുടെ റിപ്പോർട്ടും പരിഗണിച്ചാണു കോടതി ഇക്കാര്യം പറ‍ഞ്ഞത്.

ജോലി ചെയ്യുന്നതു ശമ്പളത്തിനു വേണ്ടി മാത്രമാകരുതെന്നു പറഞ്ഞ കോടതി, ജീവനക്കാരായ ഗിരി ഗോപിനാഥൻ - താര ദമ്പതികളുടെ മാതൃക ചൂണ്ടിക്കാട്ടി. ഹരിപ്പാട് ഡിപ്പോയിൽ ജീവനക്കാരായ ഇവർ ട്രിപ്പ് തുടങ്ങുംമുൻപ് ബസ് വൃത്തിയാക്കി അലങ്കരിച്ചു കൊണ്ടുനടക്കുന്ന കാര്യം കോടതി പരാമർശിച്ചു. സർവീസ്‌യോഗ്യമായ ബസുകൾ എല്ലാം നിരത്തിലിറക്കാൻ ജീവനക്കാർ സഹകരിക്കണം. പരമാവധി ഷെഡ്യൂളുകൾ പ്രവർത്തിപ്പിക്കണം. പ്രതിദിന ടിക്കറ്റ് വരുമാനം 8 കോടി രൂപയാക്കണം. ബസ്– ജീവനക്കാരുടെ അനുപാതം ഇവിടെ കൂടുതലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്പാദനക്ഷമത കൂട്ടിയില്ലെങ്കിൽ ഗ്രാന്റ് നൽകാനാവില്ലെന്നു സർക്കാർ അറിയിച്ചിരുന്നു.   
 

Tags