ഇ-ലേലത്തിൽ രക്ഷപ്പെട്ട് കെഎസ്ആർടിസി ആക്രി ബസുകൾ
ksrtc acre buses

ഇ-ലേലം വന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യുടെ ആക്രി ബസുകള്‍ക്കും നല്ലകാലം. പൊളിച്ച് വില്‍ക്കാന്‍ ഉപേക്ഷിച്ച ബസുകള്‍ക്കെല്ലാം മുമ്പത്തെക്കാള്‍ നല്ലവില കിട്ടി. നേരത്തെ ഒരു ബസിന് ശരാശരി 80,000 രൂപ കിട്ടിയിരുന്നത് ഇപ്പോള്‍ 3.40 ലക്ഷം രൂപയായി ഉയര്‍ന്നു. ഉപയോഗശൂന്യമെന്ന് വിദഗ്ധസമിതി വിലയിരുത്തിയ 620 ബസുകളില്‍ 473 എണ്ണമാണ് ആക്രിക്ക് വിറ്റത്.

മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പ്പറേഷന്‍ വഴിയായിരുന്നു വില്‍പ്പന. ഇത്രയും ബസുകള്‍ ഒരുമിച്ച് പൊളിച്ചുവില്‍ക്കുന്നതും ആദ്യമായായിരുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ പരസ്പരധാരണയിലെത്തി വില കുറയ്ക്കുന്നത് തടയാനും ഇ-ലേലത്തിലൂടെ കഴിഞ്ഞു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ലേലത്തില്‍ ക്രമക്കേട് നടത്തുന്നതും ഒഴിവാക്കാനായി.

ആദ്യതവണ 418 ബസുകളും രണ്ടാംലേലത്തില്‍ 55 എണ്ണവുമാണ് ലേലത്തില്‍ പോയത്. ഏകദേശം 10 കോടി രൂപയോളം ആക്രിക്കച്ചവടത്തിലൂടെ ലഭിച്ചു. എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഉപയോഗപ്രദമായ ഭാഗങ്ങളെല്ലാം നീക്കംചെയ്താണ് ബസുകള്‍ ലേലത്തില്‍ വെക്കുന്നത്.

കോവിഡ് പൂട്ടലിനുശേഷം നടത്തിയ പരിശോധനയില്‍ 920 ബസുകളാണ് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയത്. ബസുകളില്‍ കച്ചവടസ്ഥാപനങ്ങള്‍ ഒരുക്കുന്ന ഷോപ്പ്ഓണ്‍ വീല്‍ പദ്ധതിയിലേക്ക് കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ തീരുമാനം മാറ്റി. 300 ബസുകള്‍ ഷോപ്പുകളാക്കാന്‍ തീരുമാനിച്ചു.

ലോക്ഡൗണില്‍ ഓടിക്കാതെ ഇട്ടിരുന്ന 1736 ബസുകളാണ് ഓടിക്കാന്‍പറ്റാത്ത അവസ്ഥയിലായത്. ഇതില്‍ 816 ബസുകള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 570 ബസുകള്‍ നിരത്തിലിറക്കി. പൊളിക്കുന്ന ബസുകളില്‍ ഭൂരിഭാഗവും പത്തുവര്‍ഷത്തിലധികം പഴക്കമുള്ളവയാണ്.

Share this story