കെഎസ്‌ഇബി തർക്കം ; വിട്ടുവീഴ്‌ചക്ക് തയ്യാറാകണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി
Minister K Krishnankutty

പാലക്കാട്: കെഎസ്‌ഇബിയിൽ യൂണിയനും ചെയർമാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഇരുകൂട്ടരും വിട്ടുവീഴ്‌ചക്ക് തയ്യാറാകണം. അവരവരുടെ അധികാര പരിധിക്കുള്ളിൽ നിൽക്കണമെന്നും കൃഷ്‌ണൻകുട്ടി പറഞ്ഞു.

കെഎസ്‌ഇബി ഒരു ലിമിറ്റഡ് കമ്പനിയാണ്. ബോർഡിനേക്കാളും സ്വതന്ത്രമാണ് കമ്പനി. അവരുടെ പ്രശ്‌നം അവർ തന്നെ തീർക്കണം എന്ന കാര്യത്തിൽ സംശയമില്ല. എല്ലാ കാര്യത്തിലും സർക്കാർ ഇടപെടുന്നത് ശരിയല്ല. സസ്‌പെൻഷൻ ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അവർ തന്നെ പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിങ്കളാഴ്‌ചത്തെ ചർച്ച തന്റെ നേതൃത്വത്തിലാണ്. ബോർഡ് തന്നെയാണ് ചർച്ച നടത്തുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതും അവർ തന്നെയാണ്. യൂണിയൻ പറഞ്ഞ ആവശ്യം നിലവിൽ പരിഹരിക്കപ്പെട്ട് കഴിഞ്ഞതാണ്. സ്‌ഥലം മാറ്റത്തിന്റെ കാര്യത്തിൽ ചട്ടപ്രകാരം ചെയ്യാൻ കഴിയുന്നത് ചെയ്യും. അധികാരങ്ങൾ എല്ലാവരും കൃത്യമായി വിനിയോഗിച്ചാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Share this story