കെഎസ്ഇബി യിൽ ഇനി ജിയോ മാപ്പിങ് : ഉപയോക്താവിന്റെ ‘ലൊക്കേഷൻ’ കണ്ടെത്തും
kseb

കൊച്ചി : വൈദ്യുതി തടസ്സം പോലെയുള്ള പരാതികൾ നൽകാനായി ഉപയോക്താവ് ഇനി പോസ്റ്റ് നമ്പറും മറ്റും ഓർത്തിരിക്കേണ്ട, എല്ലാം കെഎസ്ഇബി അറിഞ്ഞുചെയ്യും. ഇതിനായി ജിയോ മാപ്പിങ് തുടങ്ങി. വൈദ്യുതി പോയത് അറിയിക്കാൻ കെഎസ്ഇബി ഓഫിസിൽ വിളിച്ചാൽ ആദ്യ ചോദ്യം പോസ്റ്റ് നമ്പർ ഏതെന്നായിരുന്നു. കൺസ്യൂമർ നമ്പർ പോലും അറിയാത്ത ഉപയോക്താവ് പോസ്റ്റ് നമ്പർ തപ്പിയെടുത്തു വേണം പരാതി പറയാൻ. ജിയോ മാപ്പിങ് പൂർത്തിയാവുന്നതോടെ ഓരോ ഉപയോക്താവിന്റെയും ലൊക്കേഷൻ ഉദ്യോഗസ്ഥർക്ക് അറിയാനാവും. വൈദ്യുതി തടസ്സം പൊതുവായതാണോ ഒറ്റപ്പെട്ടതാണോ എന്നും അറിയാം. 

ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വഴിയാണിതെന്നു പരാതിയുണ്ടെങ്കിലും മാപ്പിങ്ങുമായി മുന്നോട്ടുതന്നെയാണു ബോർഡ്. മീറ്റർ റീഡർ വീട്ടിലെത്തി സോഫ്റ്റ്‌വെയറിലേക്ക് ഓരോ കൺസ്യൂമറുടെയും നമ്പറും ലൊക്കേഷനും അപ്‌ലോഡ് ചെയ്യും. കരാർ ജോലിക്കാരായ മീറ്റർ റീഡർമാർക്ക് ഓരോ അപ്‌ലോഡിനും ഒരു രൂപ പ്രതിഫലം. സ്ഥിരം ജീവനക്കാർക്കു പ്രത്യേക പ്രതിഫലം ഇല്ല. 2025 ൽ സ്മാർട്ട് മീറ്റർ നിർബന്ധമാകുന്നതോടെ മീറ്റർ റീഡർമാർ ഇല്ലാതാകും. കുടിശികക്കാരുടെ കണക്‌ഷൻ വിഛേദിക്കുന്നതും പുനഃസ്ഥാപിക്കുന്നതും സ്മാർട്ട് മീറ്റർ വരുമ്പോൾ വേണ്ടിവരില്ല. ഇപ്പോൾതന്നെ വൈദ്യുതി ചാർജ് ഓൺലൈനായി അടയ്ക്കണമെന്നു നിർദേശമുണ്ട്. 

Share this story