തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വിവിധ കിഫ്ബി പദ്ധതികള്‍ അവലോകനം ചെയ്തു

uytret


തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന ചെറുവത്തൂര്‍-ചീമേനി-നല്ലോംമ്പുഴ-പാലാവയല്‍-ഓടക്കൊല്ലി-ചിറ്റാരിക്കാല്‍-ഭീമനടി റോഡ്, ചെറുവത്തൂര്‍ പഞ്ചായത്തിനെയും കയ്യൂര്‍ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന രാമഞ്ചിറ പാലം, നീലേശ്വരം മുനിസിപ്പാലിറ്റിയിലെ രാജാറോഡും കച്ചേരി കടവ് പാലവും എന്നീ പദ്ധതികളുടെ അവലോകനയോഗം എം.രാജഗോപാലന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നു. ചെറുവത്തൂര്‍ ചീമേനി റോഡില്‍ വാട്ടര്‍ അതോറിറ്റി നടത്തേണ്ട യൂട്ടിലിറ്റി ഷിഫ്റ്റിംഗില്‍ ജനുവരി 19 ന് മുമ്പ് ബോംബെ മുക്ക് മുതല്‍ നല്ലോംപുഴ വരെ സംയുക്ത പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ചെറുവത്തൂര്‍ മുതല്‍ ചാനടുക്കം വരെ ബിറ്റുമനൈസ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനു മുമ്പായി തന്നെ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. ഭീമനടി ചിറ്റാരിക്കല്‍ റീച്ചില്‍ 500 മീറ്റര്‍ പ്രവര്‍ത്തി ജനുവരിയില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ചാനടുക്കം മുതല്‍ കാക്കടവ് വരെയുള്ള പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവര്‍ത്തി വളരെ പെട്ടെന്ന് തന്നെ തീര്‍ക്കാന്‍ എം.എല്‍.എ അധികൃതരോട് നിര്‍ദ്ദേശിച്ചു.

കെഎസ്ഇബിയുടെ നേതൃത്വത്തില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ള പ്രവര്‍ത്തികളില്‍ പിലിക്കോട് സെഷന്റെ പരിധിയില്‍ വരുന്ന 100 ശതമാനം പണികളും പൂര്‍ത്തീകരിച്ചു. കയ്യൂര്‍ സെക്ഷന്‍ പരിധിയില്‍ 80 ശതമാനം പൂര്‍ത്തീകരിച്ചു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയ നല്ലമ്പുഴ ഭീമനടി സെക്ഷനുകളിലെ അഞ്ച് വര്‍ക്ക് അടിയന്തരമായി പൂര്‍ത്തീകരിക്കാനും എം.എല്‍.എ നിര്‍ദേശം നല്‍കി. എസ്റ്റിമേറ്റില്‍ അധികരിച്ച് വരുന്ന പ്രവര്‍ത്തിക്ക് കിഫ്ബിയുടെ അംഗീകാരം ആവശ്യമുള്ളതിനാല്‍ എഗ്രിമെന്റ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവര്‍ത്തികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കണമെന്ന് കരാര്‍ കമ്പനിയോട് എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് കെ.ആര്‍.എഫ്.ബി. അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാമഞ്ചിറ പാലത്തിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും സര്‍വ്വേ സ്‌കെച്ച് അംഗീകരിച്ച് ലഭിക്കുന്ന മുറക്ക് നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നും കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു. രാജാ റോഡിന്റെ പൊളിച്ചു മാറ്റേണ്ടുന്ന 171 കെട്ടിടങ്ങളുടെ വാലുവേഷന്‍ 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിനുവേണ്ടുന്ന എല്ലാ സഹായവും മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ചെയര്‍പേഴ്സണ്‍ യോഗത്തില്‍ അറിയിച്ചു.

നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍പോഴ്സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി, കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.പ്രദീപ് കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.സജിത്ത്, അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.രാജേഷ് കുമാര്‍, പ്രോജക്ട് എന്‍ജിനീയര്‍ രാഹുല്‍, കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ടി.പി.ഇന്ദുലേഖ, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ഗിരീഷ്, പി.കെ.ശ്രീവല്‍സന്‍, പി.എസ്. സുബിന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ കെ.സുജിത്ത്, എം.സുനില്‍ പ്രദീപ്, അഖിലേഷ് കെ. ബാലന്‍, കെ.എസ.്ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.പി.ആശ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ഒ.വി.രമേഷ്, ബി.എന്‍.സവിത, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ എം.ആര്‍.കേശവന്‍, പി.എസ്. ഷിജിന്‍, ആര്‍.എസ്.ഡി.സി.പി.എല്‍ പ്രോജക്ട് മാനേജര്‍ ടോം മാത്യു, എം.എസ്.പ്രദീപ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share this story