ഉദ്ഘാടനച്ചടങ്ങിൽ നിന്ന് കെ.സി വേണുഗോപാലിനെ ഒഴിവാക്കിയത് കരുതിക്കൂട്ടിയോ..?! : വിവാദം മുറുകുന്നു

google news
k c venugopal


ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷല്‍റ്റി ബ്ളോക്ക് ഉദ്ഘാടന ചടങ്ങില്‍ നിന്ന് കെ സി വേണുഗോപാല്‍ എംപിയെ ഒഴിവാക്കിയത് വിവാദമാകുന്നു. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് തുടങ്ങിയ  പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന  പദ്ധതിയില്‍ ആലപ്പുഴയില്‍ സൂപ്പര്‍ സ്പെഷല്‍റ്റി ബ്ലോക്ക് ആരംഭിക്കാന്‍ മുന്‍ കൈയെടുത്തത് അന്ന്  കേന്ദ്രമന്ത്രിയായിരുന്ന കെസി വേണുഗോപാലാണ്.  എന്നാല്‍ രാഷ്ട്രീയത്തിന്‍റെ പേരില്‍ വേണുഗോപാലിനെ ഒഴിവാക്കുന്നുവെന്നാണ് ആരോപണം.

ഉദ്ഘാടന ചടങ്ങി‌‌നെക്കുറിച്ച്  ആലോചിക്കാന്‍ ചേർന്ന യോഗത്തിൽ കോൺഗ്രസ് പ്രതിനിധികൾ കെ.സി വേണുഗോപാലിനെ ക്ഷണിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ, മുഖ്യമന്ത്രി നേരിട്ടാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നായിരുന്നു മറുപടി.

 2013-ൽ രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) ആരംഭിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയെ പരിപൂർണമായി ആധുനിക സംവിധാനത്തിലേക്കും അതുവഴി അന്താരാഷ്ട്ര നിലവാരത്തിലേക്കും ഉയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി.

ഇതിന്റെ ഭാഗമായി അന്ന് ആലപ്പുഴ എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന കെ.സി വേണുഗോപാൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങുമായി നേരിട്ട് ഇടപെട്ടതിന്റെ ഫലമായാണ് തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളെ ഉൾപ്പെടുത്താതിരുന്നിട്ട് കൂടി ആലപ്പുഴ മെഡിക്കൽ കോളേജിനെ പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറായത്. ഇതിന്റെ ഭാഗമായി 173.18 കോടി രൂപയുടെ പദ്ധതിയിൽ 120 കോടി രൂപ കേന്ദ്ര ധനസഹായമായി അനുവദിപ്പിക്കുകയും ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജിന് അനുവദിക്കപ്പെട്ട അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഈ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം യു.ഡി.എഫ് ഭരണകാലത്ത് ആരംഭിക്കുകയും ചെയ്തിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി പ്രണബ് മുഖർജിയെക്കൊണ്ടുവന്നാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് അടക്കം വിവിധ നിർമാണ പ്രവൃത്തികളുടെ പ്രഖ്യാപനം അക്കാലത്ത് നടത്തിയത്. 2013 മാർച്ച്‌ 16-ന് നടത്തിയ പ്രഖ്യാപനത്തിൽ ദേശീയ നിലവാരത്തിലേക്ക് ആലപ്പുഴ മെഡിക്കൽ കോളേജിനെ ഉയർത്തുന്നതിനുള്ള പദ്ധതികൾക്ക് ആരംഭം കുറിക്കുകയായിരുന്നു.

കേന്ദ്രത്തിൽ നിന്ന് യു.പി.എയും കേരളത്തിൽ നിന്ന് യു.ഡി.എഫും അധികാരത്തിൽ നിന്ന് മാറിയ ശേഷം ബ്ലോക്കിന്റെ നിർമാണം മന്ദഗതിയിലായി. ഇതേത്തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി റിവ്യൂ മീറ്റിങ്ങുകൾ നടത്തിയും സംസ്ഥാന സർക്കാരുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെട്ടും ഉദ്യോഗസ്ഥരുമായി യഥാസമയം ആശയവിനിമയം നടത്തിയും കെ.സി വേണുഗോപാൽ പ്രക്രിയ പരമാവധി വേഗത്തിലാക്കി.

എന്നാൽ ഒമ്പത് വർഷങ്ങൾക്ക് ശേഷം നിർമാണം പൂർത്തിയായ ബ്ലോക്കിന്റെ ഉദ്ഘാടനം ഈ വരുന്ന 21-ന് മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെ പദ്ധതി കൊണ്ടുവരാൻ ഏക കാരണമായ കെ.സി വേണുഗോപാലിനെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കി നിർത്തുകയാണ്. ചടങ്ങുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സ്ഥലം എം.എൽ.എ എച്ച് സലാമിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് പ്രതിനിധികൾ കെ.സി വേണുഗോപാലിനെ ക്ഷണിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ, മുഖ്യമന്ത്രി നേരിട്ടാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നായിരുന്നു എം.എൽ.എയുടെ മറുപടി. പദ്ധതിയുടെ കാരണക്കാരനായ വ്യക്തിയെയാണ് ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉദ്‌ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.


സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രത്യേകതകൾ

* ആറ് നിലകളിലായി 19,984 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഗ്രീന്‍ ബില്‍ഡിങ് ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള കെട്ടിടം.

* എട്ട് മോഡുലാര്‍ ഓപ്പറേഷൻ തിയേറ്ററുകൾ.

* 50  ഐ.സി.യു ബെഡ്ഡുകൾ.

* 200 പേർക്കുള്ള കിടത്തി ചികിത്സാ സൗകര്യങ്ങൾ.

* ഓരോ ദിവസവും വിവിധ വിഭാഗങ്ങൾക്ക് ഒരേ തിയേറ്റർ തന്നെ ശസ്ത്രക്രിയയ്ക്ക് അനുവദിച്ചു നല്‍കുന്ന രീതിക്ക് മാറ്റം വരും. ഒപ്പം എല്ലാ ദിവസവും ശസത്രക്രിയ സാധ്യമാകും.

* ന്യൂറോളജി, കാർഡിയോളജി, കാർഡിയോ തേറാസിക് സർജറി, നെഫ്രോളജി, ഗ്യാസ്‌ട്രോഎന്ററോളജി, പ്ലാസ്റ്റിക് സർജറി, എൻഡോക്രിനോളജി, ന്യൂറോ സർജറി, ജെനിറ്റോ യൂറിനറി സർജറി തുടങ്ങി ഒൻപതു സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ.

* 54.35 കോടി രൂപയുടെ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍.

* പി.ജിക്ക് എട്ട് ഡിപ്പാർട്ട്മെന്റുകളിലായി 15 അധിക സീറ്റുകൾ.

* മാലിന്യസംസ്‌കരണ പ്ലാന്റ്

* 1000 കിലോ ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി

* എയര്‍ കണ്ടീഷനിംഗ്

* ആറ് ലിഫ്റ്റ്

* അത്യാധുനിക സി ടി സ്‌കാന്‍

* കാത്ത് ലാബ്

* ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ്

* സൗരോര്‍ജ പാനല്‍

* പാര്‍ക്കിംഗ് സൗകര്യം


എം.എൽ.എയായിരിക്കെ ആലപ്പുഴ മെഡിക്കൽ കോളേജ് നഗരത്തിൽ പ്രവർത്തിക്കുന്ന കാലത്ത് തന്നെ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് കെ.സി വേണുഗോപാൽ. ലോക്‌സഭാ എം.പിയായിരിക്കെയും മെഡിക്കൽ കോളേജിനായി ചെറുതും വലുതുമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ അദ്ദേഹം നടപ്പിലാക്കിയിരുന്നു. ഐ.സി.യു ബ്ലോക്ക്, കാരുണ്യ ഡയാലിസിസ് സെന്റർ, ഗാലറി ഓഡിറ്റോറിയം തുടങ്ങി ഒട്ടേറെ പദ്ധതികൾ ഇത്തരത്തിലുണ്ട്. രോഗികളുടെ കൂട്ടിരുപ്പകാർക്ക് വേണ്ടി കാത്തിരിപ്പ് കേന്ദ്രമുണ്ടാക്കാനും മെഡിക്കൽ കോളേജിനായി ആംബുലൻസ് വാങ്ങാനുമായി ആലപ്പുഴ പ്രതിനിധീകരിക്കവേ എം.പി ഫണ്ടിൽ നിന്നും പണം അനുവദിച്ചിരുന്നു. 2010-ൽ കോളേജിലെ 50 സീറ്റുകളുടെ അംഗീകാരം മെഡിക്കൽ കൗൺസിൽ റദാക്കിയപ്പോൾ എം.പി എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയിൽ പിന്നീടും കെ.സി വേണുഗോപാൽ നടത്തിയ ഇടപെടലുകളാണ് അംഗീകാരം  തിരികെ കിട്ടുന്നതിന് സഹായകരമായത്. മെഡിക്കൽ കൌൺസിൽ ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിക്കുന്നതിന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിച്ചാണ് നടപടികൾ തീരുമാനിച്ചതും തുടർ നടപടികൾ വേഗത്തിലാക്കിയതും.

എക്കാലവും ആലപ്പുഴ മെഡിക്കൽ കോളേജിനായി അഹോരാത്രം പ്രവർത്തിച്ച, മെഡിക്കൽ കോളേജിനെ ദേശീയ ചികിത്സാ നിലവാരത്തിലേക്ക് ഉയർത്തിയ വ്യക്തിയെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാറ്റിനിർത്തുന്നത്.

Tags