ജിതിനെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെ സുധാകരന്‍
k sudhakaran

എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും പ്രതിഷേധവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോടതിവരാന്തയില്‍ പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കരുതി കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യൂ ടേണ്‍ അടിക്കാമെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.'സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോണ്‍ഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാന്‍ നോക്കേണ്ട. ജിതിനെ പാര്‍ട്ടി സംരക്ഷിക്കുമെന്നും', കെപിസിസി അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:കോടതിവരാന്തയില്‍ പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കരുതി കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് ''യൂ ടേണ്‍ 'അടിക്കാം. ജയരാജന്‍ എന്നത്തേയും പോലെ കോമാളിത്തരങ്ങള്‍ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിര്‍ത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ട്.സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോണ്‍ഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാന്‍ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകള്‍ക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം 'വലിയ' മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓര്‍ക്കുക. ജിതിനെ പാര്‍ട്ടി സംരക്ഷിക്കും.

Share this story