ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് കെ സുധാകരന്‍; 'തടയാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം'

google news
k sudhakaran

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഡോക്യുമെന്ററി രാജ്യവിരുദ്ധമല്ലെന്നും സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യുമെന്ററിയായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. 

ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്. ഇരുള്‍ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിബിസി ഡോക്യുമെന്ററിയിലൂടെ വിളിച്ച് പറഞ്ഞ സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. നഗ്‌നമായ സത്യം പുറംലോകത്തോട് വിളിച്ച് പറയുമ്പോള്‍ അതില്‍ അസഹിഷ്ണുത കാട്ടുന്നത് ജനാധിപത്യത്തിന് തീരെ യോജിച്ചതല്ല. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നത് മോദി സത്യത്തെ ഭയപ്പെടുന്ന ഒരു ഭീരു ആയതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ബിജെപി ഭരണകൂടം വിലക്ക് കല്‍പ്പിച്ച ബിബിസി ഡോക്യുമെന്ററി സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കുമെന്നും അതിനെ തടയാമെന്നത് സംഘപരിവാരിന്റെ വെറും വ്യാമോഹമാണെന്നും കെ സുധാകരന്‍ പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags