കെ റെയിൽ : അലോക് വർമ്മയ്ക്കെതിരെ വിമർശനവുമായി കെ റെയിൽ അധികൃതർ ​​​​​​​

google news
k rail

സിൽവർ ലൈൻ ഡി.പി.ആർ തയ്യാറാക്കിയത് വിശദമായ പഠനം നടത്താതെയാണെന്നുള്ള അലോക് വർമ്മയുടെ ആരോപണം തള്ളി കെ റെയിൽ അധികൃതർ രം​ഗത്ത്. ഭൂഘടന, ട്രാഫിക് സർവേ, ലിഡാർ, ജിയോ ടെക്നിക്കൽ സർവേകളുടെ അടിസ്ഥാനത്തിലാണ് ഡി.പി.ആർ തയ്യാറാക്കിയത്. സിസ്ട്ര ടീമിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ മാത്രമായിരുന്നു അലോക് വർമ്മയെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.

ഡി.പി.ആർ തയ്യാറാക്കിയത് വിശദമായ പഠനം നടത്താതെയാണെന്നും കെ റെയിലിന്റെ പദ്ധതി രൂപരേഖ കെട്ടിച്ചമച്ചതാണെന്നുമാണ് അലോക് വര്‍മ്മയുടെ ആരോപണം. കേരള റയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന കൺസൽട്ടൻസി കമ്പനിയാണ് കെ റെയിലിന്റെ സാധ്യതാ പഠനം നടത്തിയത്. മുന്‍ ഐആര്‍എസ്ഇ ഉദ്യോഗസ്ഥന്‍ അലോക് വർമയാണ് ആദ്യഘട്ടത്തിൽ പഠനത്തിന് നേതൃത്വം നൽകിയത്. 

കേരളത്തിന്‍റെ ഭൂമി ശാസ്ത്രത്തിന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ചേരില്ലെന്ന നിര്‍ദ്ദേശം അവഗണിച്ചെന്നും ടോപ്പോഗ്രാഫിക്, ജിയോളജിക്കല്‍, ട്രാഫിക് സര്‍വ്വേകളൊന്നും ശാസ്ത്രീയമായി നടന്നിട്ടില്ലെന്നുമാണ് അലോക് വർമ്മ പറയുന്നത്. ഇത്തരം ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയാണ് കെ റെയിൽ എം.ഡി. 

Tags