കാശില്ലാത്തവൻ കളികാണേണ്ട എന്ന് പറയുന്നവരാണ് വൈപ്പിനിൽ നിന്ന് ബസും അനുവദിക്കാത്തതെന്ന് കെ മുരളീധരന്‍ എംപി

k muraleedaran mp

കൊച്ചി : കാശില്ലാത്തവൻ കളികാണേണ്ട എന്ന് പറയുന്നവരാണ് വൈപ്പിനിൽ നിന്ന് ബസും അനുവദിക്കാത്തതെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. എറണാകുളം  വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസ്സുകൾക്ക് നഗരത്തിലേക്കു  പ്രവേശനം  നൽകണം  എന്നാവശ്യപ്പെട്ടു ഹൈബി  ഈഡൻ  എംപി നടത്തുന്ന  നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ്‌കാർ കേരളം  ഭരിക്കുമ്പോൾ സാധാരണക്കാർ  സഞ്ചരിക്കുന്ന ബസിന് പോകാൻ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സമ്പന്നർക്കൊപ്പമാണ് സർക്കാർ. വലിയ പദ്ധതികൾക്ക് പുറക്കെയാണ് സർക്കാരുള്ളത്. അത് കമ്മീഷൻ അടിക്കാനാണ്‌. സാധാരണക്കാർക്കായി ഒന്നും ചെയ്യുന്നില്ല. കാര്യങ്ങൾ പറയുന്ന ജനങ്ങളെ സർക്കാർ വിരുദ്ധരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവ സ്വാഗത ഗാനത്തില്‍ ഒരു മത  വിഭാഗത്തെ  ഭീകരർ ആയി  ചിത്രീകരിച്ചതാരെന്ന് അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാന  സർക്കാർ നടത്തിയ പരിപാടിയാണ് കലോത്സവം. യോഗി ആദിത്യ നാഥ് ഭരിക്കുന്ന യു പിയിൽ അല്ല ഇത് നടന്നത്. മുഹമ്മദ്‌ റിയാസിന്‍റെ  നേതൃത്വത്തിൽ ആണ്  ഒരുക്കങ്ങൾ നടന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ധാർമിക  ഉത്തരവാദിത്തം  ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര സർക്കാർ ആണോ ഇത്  അന്വേഷിക്കേണ്ടതെന്നും കെ മുരളീധരൻ ചോദിച്ചു.

Share this story