നീലേശ്വരത്ത് വ്യാപക അക്രമം : കെ കരുണാകരൻ സ്‌മൃതി സ്‌തൂപം അടിച്ചു തകർത്തു
K Karunakaran

നീലേശ്വരം ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തതിനു പിന്നാലെ ചൊവ്വാഴ്‌ച പുലർച്ചെ നീലേശ്വരത്ത് വ്യാപക അക്രമം. തീരദേശ മേഖലയിലാണ് അക്രമങ്ങൾ നടന്നത്. തൈക്കടപ്പുറം കോളനി ജങ്ഷനിലെ ലീഡർ കെ കരുണാകരൻ സ്‌മൃതി സ്‌തൂപം അക്രമികൾ അടിച്ചുതകർത്തു. സംഘടിച്ചെത്തിയ സിപിഎം സംഘമാണ് ആക്രമിച്ചതെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി.

ഐഎൻടിയുസി ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ്‌ യൂണിയൻ ജില്ലാ പ്രസിഡണ്ടും കാഞ്ഞങ്ങാട് ബ്‌ളോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ വിവി സുധാകരന്റെ കണിച്ചിറ കൊട്രച്ചാലിലെ വീടും ആക്രമിക്കപ്പെട്ടു. ജനൽ ഗ്‌ളാസുകൾ കല്ലെറിഞ്ഞു തകർത്തിട്ടുണ്ട്. വിവരമറിഞ്ഞ് ഹൊസ്‌ദുർഗ് പോലീസ് സ്‌ഥലത്തെത്തി. സുധാകരന്റെ പരാതിയിൽ കേസും എടുത്തു.

ഓർച്ച ജവാഹർ ക്‌ളബ്ബിന് മുന്നിൽ സ്‌ഥാപിച്ച കൊടിമരവും ഫ്‌ളക്‌സ്‌ ബോർഡുകളും തകർത്ത നിലയിലാണ്. സിപിഎം- കോൺഗ്രസ് അക്രമങ്ങൾ പതിവായിരുന്ന തീരദേശ മേഖലയിൽ ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും അക്രമങ്ങൾ അരങ്ങേറിയത്. സംഘർഷ സാധ്യതയുള്ള സ്‌ഥലങ്ങളിലെല്ലാം പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Share this story