'ആ പണം തിരിച്ചടയ്‌ക്കേണ്ടത് നമ്മുടെ നികുതിപ്പണമെടുത്തല്ല'; സഹകരണബാങ്ക് കൊള്ളയടിച്ചത് സിപിഐഎമ്മെന്ന് കെ സുധാകരന്‍

google news
 K. Sudhakaran
സിപിഐഎം ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല, ആസൂത്രിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘടിത ഭീകര സംഘടനയാണെന്നും സുധാകരന്‍ ആരോപിച്ചു.

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് വിഷയത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. സഹകരണ ബാങ്കുകളില്‍ കോടികളുടെ കൊള്ള നടത്തിയത് സിപിഐഎം ഉന്നത നേതൃത്വമാണ്. സിപിഐഎം ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല, ആസൂത്രിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘടിത ഭീകര സംഘടനയാണെന്നും സുധാകരന്‍ ആരോപിച്ചു.അത്താഴ പട്ടിണിക്കാരുടെ വരെ പണം കൊള്ളയടിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ഈ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നിലുണ്ട്. പാവപ്പെട്ട മനുഷ്യരെ കൊല്ലാനും കൊള്ളയടിക്കാനും മടിയില്ലാത്ത ഈ നരാധമ വര്‍ഗ്ഗത്തെ തുടച്ചുനീക്കാന്‍ കേരളം ഒറ്റക്കെട്ടായി അണിചേരണമെന്നും കെപിസിസി അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

'അത്താഴപ്പട്ടിണിക്കാരുടെ വരെ പണം കൊള്ളയടിക്കുന്ന നേരും നെറിയും കെട്ട പാര്‍ട്ടിയാണ് സിപിഎം 'കുട്ടികളുടെ കല്യാണത്തിനും പഠനത്തിനും ചികിത്സയ്ക്കുമൊക്കെ ഇന്നാട്ടിലെ സാധാരണക്കാരന്റെ അത്താണിയാണ് സഹകരണ ബാങ്കുകള്‍. മുണ്ടുമുറുക്കിയുടുത്ത് അവര്‍ സ്വരുക്കൂട്ടി വെച്ച പണമാണ് സിപിഎം തട്ടിയെടുത്തത്. നിങ്ങളൊരു രാഷ്ട്രീയ പ്രസ്ഥാനമല്ല, ആസൂത്രിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘടിത ഭീകര സംഘമാണ്.

സ്വന്തം പണം തിരിച്ചെടുക്കാനാവാത്ത പാവങ്ങളുടെ നിലവിളി കേരളീയ പൊതുസമൂഹം കേള്‍ക്കുന്നില്ല. അവരുടെ കണ്ണീര്‍ ജനം കാണുന്നില്ല. ചികിത്സയ്ക്ക് പണം ലഭിക്കാതെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നില്ല. കക്ഷിരാഷ്ട്രീയത്തിനതീതമായി ആ പാവങ്ങളുടെ വേദന തിരിച്ചറിയാന്‍ നാം തയ്യാറാകണം.സഹകരണ ബാങ്കുകളില്‍ കോടികളുടെ കൊള്ള നടത്തിയത് സിപിഎം ഉന്നത നേതൃത്വമാണ്. ആ പണം തിരിച്ചടക്കേണ്ടത് നമ്മുടെ നികുതിപ്പണമെടുത്തല്ല. ഈ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നിലുണ്ട്. പാവപ്പെട്ട മനുഷ്യരെ കൊല്ലാനും കൊള്ളയടിക്കാനും മടിയില്ലാത്ത ഈ നരാധമ വര്‍ഗ്ഗത്തെ തുടച്ചുനീക്കാന്‍ കേരളം ഒറ്റക്കെട്ടായി അണിചേരണം.
 

Tags