ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളില്‍ പരിശോധന; യുവാവ് പിടിയില്‍

arrest1

ചങ്ങരംകുളത്ത് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളില്‍ കയറി പരിശോധന നടത്തുകയായിരുന്ന യുവാവിനെ ജീവനക്കാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. എടപ്പാള്‍ സ്വദേശിയായ രജീഷി (43)നെയാണ് പോലീസ് പിടികൂടിയത്. 

വ്യാഴാഴ്ച വൈകിട്ട് ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്താണ് സംഭവം. സംസ്ഥാന പാതയോരത്തെ റെസ്റ്റോറന്റുകളില്‍ കയറി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ പരിശോധന തുടര്‍ന്നത്. പരിശോധനക്കെത്തിയ യുവാവ് മദ്യപിച്ചത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് ഇയാളെ ചോദ്യം ചെയ്തത്. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക പരിശോധനക്കായി എത്തിയതാണെന്നാണ് ഇയാള്‍ ജീവനക്കാരോട് പറഞ്ഞത്. ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്ന് അത്തരം ഒരു പരിശോധനക്ക് ആരും എത്തിയിട്ടില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ ജീവനക്കാര്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കാണിച്ച ഐ ഡി കാര്‍ഡും വ്യാജമാണെന്ന് തോന്നിയതോടെ കടയുടമകള്‍ ചങ്ങരംകുളം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസെത്തി ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞത്. ഇതോടെ ചങ്ങരംകുളം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Share this story