ലീഗില്‍ ചേരിപ്പോര് രൂക്ഷം

google news
KM Shaji

കെഎം ഷാജിയെ അനുകൂലിച്ചും, പ്രതികൂലിച്ചും മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്ത് എത്തിയതോടെ ലീഗിലെ ചേരിപ്പോര് മറനീക്കി പുറത്ത്. കെഎം ഷാജിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ കുഞ്ഞാലിക്കുട്ടി പക്ഷത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ ഷാജിക്കെതിരെ നടപടിയെടുത്താല്‍ നേതൃത്വം വെട്ടിലാകുമെന്ന മുന്നറിയിപ്പാണ് എം കെ മുനീര്‍ വിഭാഗം നല്‍കുന്നത്

വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കെഎം ഷാജിക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ പ്രതീക്ഷ. വിശദീകരണം ആവശ്യപ്പെട്ട് ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചു വരുത്തിയ തങ്ങള്‍ പക്ഷെ വലിയ നടപടിയിലേക്ക് കടന്നില്ല. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദികളില്‍ മതിയെന്ന് നിര്‍ദേശിച്ചെന്നും ഇത് ഷാജി ഉള്‍ക്കൊള്ളുമെന്നും പറഞ്ഞു സാദിഖലി തങ്ങള്‍ വിഷയം അവസാനിപ്പിക്കാനാണ് ശ്രമിച്ചത്. അണികളില്‍ കാര്യമായ സ്വാധീനമുള്ള ഷാജിക്കെതിരെ നടപടിയുണ്ടായാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം നിര്‍ണ്ണായകമായി എന്നാണ് സൂചന. ഷാജിയെ താക്കീത് ചെയ്തതിന് തൊട്ടുപിന്നാലെ ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, കെ പി എ മജീദ് എന്നിവര്‍ പാണക്കാട്ടെത്തി തങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയതും ലീഗിലെ ഭിന്നതയിലേക്ക് വിരല്‍ചൂണ്ടുന്നു.

Tags