തൃശൂര്‍ കുന്നംകുളത്ത് 12കാരന് ലഹരിവസ്തുക്കള്‍ നല്‍കി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുത്ത കേസ് ; പ്രതി അറസ്റ്റില്‍

arrested

തൃശൂര്‍ കുന്നംകുളത്ത് 12കാരന് ലഹരിവസ്തുക്കള്‍ നല്‍കി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പെരുമ്പിലാവ് കരിക്കാട് സ്വദേശി കോഴിക്കര വളപ്പില്‍ മുഹിയുദ്ദീനാണ് പിടിയിലായത്. സ്വര്‍ണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തറിയുന്നത്. 
കരിക്കാട് കട നടത്തുകയാണ് മുഹിയുദ്ദീന്‍. ഇയാളുടെ കടയിലേക്ക് മിഠായി വാങ്ങാനെത്തിയ പന്ത്രണ്ടുകാരന് മിഠായിക്കൊപ്പം വെളുത്ത നിറമുള്ള പൊടിയും സിഗരറ്റ് അടക്കമുള്ള ലഹരി വസ്തുക്കളും നല്‍കിയെന്നാണ് പരാതി. ഇതിന് ശേഷം കുട്ടി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് വീട്ടില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് പവനോളം സ്വര്‍ണം തട്ടിയെടുത്തു. കൈചെയിന്‍, പാദസരം, കമ്മല്‍ ഉള്‍പ്പെടെയുള്ളവയാണ് തട്ടിയെടുത്തത്.
സ്വര്‍ണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടി ഇക്കാര്യം പറയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. തട്ടിയെടുത്ത സ്വര്‍ണം പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ വഴി വില്‍പന നടത്തി ഒന്നരലക്ഷത്തോളം രൂപ ഇയാള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി

Share this story