കോവിഡ് കാലത്ത് അനധികൃത മദ്യവില്‍പ്പന: തൃശൂരില്‍ കാങ്കപ്പാടന്‍ ബാര്‍ അടച്ചുപൂട്ടി

google news
liquor


തൃശൂര്‍: കോവിഡ് കാലത്ത് അനധികൃതമായി മദ്യംവിറ്റതിന് തൃശൂര്‍ രാമവര്‍മപുരം കാങ്കപ്പാടന്‍ ബാര്‍ അടച്ചുപൂട്ടി. ലൈസന്‍സ് താല്‍കാലികമായി റദ്ദാക്കി. കോവിഡ് കാലത്ത് അനധികൃതമായി മദ്യം വിറ്റെന്ന് ബാറിന് എതിരേ പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് വിശദാന്വേഷണവും നടത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാര്‍ ഉടമ കെ.പി. കുര്യനെ അഞ്ചാം പ്രതിയാക്കി എക്‌സൈസ് വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.

2020 മേയ് ഏഴിനാണ് സംഭവം. മട്ടാഞ്ചേരിയില്‍ 14.5 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. കോവിഡ് നിയന്ത്രണം ഉണ്ടായിരുന്ന കാലത്തായിരുന്നു ഇത്.  മദ്യത്തിന്റെ ഉറവിടം കാങ്കപ്പാടന്‍ ബാറാണെന്ന് എക്‌സൈസിലെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ബാര്‍ ലൈസന്‍സ് റദ്ദാക്കിയത്. ബാറുടമയ്ക്ക് വിശദീകരണം നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഇത് കൂടി കേട്ട ശേഷമായിരിക്കും തുടര്‍ നടപടി. ബാറിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന നിര്‍ണായക രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു.

Tags