ഇടുക്കിയിൽ ശക്‌തമായ കാറ്റിൽ മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു
death

ഇടുക്കി: ജില്ലയിൽ ശക്‌തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തു. അടിമാലി കല്ലാറിൽ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്‌ഥാന തൊഴിലാളിലായ സ്‌ത്രീ ദേഹത്ത് മരം വീണ് മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീത (26) ആണ് മരിച്ചത്.

സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിൽ ഉള്ള വടക്കൻ എസ്‌റ്റേറ്റിൽ വിറക് ശേഖരിച്ച ശേഷം താമസിക്കുന്ന സ്‌ഥലത്തേക്ക്‌ പോകുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഗീത സംഭവസ്‌ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ ഇടുക്കി മരിയാപുരത്ത് ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. കുഴികണ്ടത്തിൽ സുരേന്ദ്രന്റെ വീടിനാണ് തകർന്നത്. വീടിന്റെ വയറിങ് കത്തിനശിച്ചു. വീടിനുള്ളിൽ ഉണ്ടായിരുന്ന അലമാരയുടെ വാതിലുകളും വീടിന്റെ ജനലിന്റെ ചില്ലുകളും പൊട്ടിത്തെറിച്ചു. സംഭവത്തിൽ ആളപായം ഇല്ല.

Share this story