വയനാട്ടിൽ വയോധികയെ കൊലപ്പെടുത്തിയ കേസ് : ഭർത്താവ് അറസ്റ്റിൽ

google news
 Husband arrested

കൽപറ്റ: വയോധികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. നൂല്‍പ്പുഴ – പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് ആണ് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 19നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചക്കി (65) അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചത്. അപകടമരണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയാണ് കൊലപാതകം സ്ഥിരീകരിച്ചത്.

തുടർന്ന് പൊലീസ് ഭർത്താവ് ഗോപിയെ വിശദമായി ചോദ്യം ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ചക്കിയെ മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു. ചക്കിയുടെ തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെ ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കാട്ടാനയെ പ്രതിരോധിക്കുന്നതിനു വേണ്ടി നിർമ്മിച്ച കിടങ്ങിൽ വീണ് പരുക്കേറ്റ് മരിച്ചതാണെന്ന് ഭർത്താവ് ഗോപി മറ്റുള്ളവരെ ധരിപ്പിച്ചു. പിന്നാലെ മൃതദേഹം വേഗത്തിൽ അടക്കം ചെയ്തു. എന്നാൽ ചക്കി കൊല്ലപ്പെട്ടതാണെന്ന സംശയം ശക്തമായി. മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.

തുടർന്ന് ബത്തേരി പൊലീസ് വ്യാഴാഴ്ച ഗോപിയെ കസ്റ്റഡിയിൽ എടുത്തു. ചക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മോധാവിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. ശാസ്ത്രീയ പരിശോധനയിൽ ചക്കി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. തുടർന്ന് ഭർത്താവ് ഗോപിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
 

Tags