'പ്രത്യേക സമുദായക്കാരുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നു', പിഎഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റ!ഡിയില്‍ വേണമെന്ന് എന്‍ഐഎ
nia

സംസ്ഥാനത്ത് നിന്ന് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ  കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. കരമന അഷ്‌റഫ് മൗലവി അടക്കമുള്ള പ്രതികളെയാണ് ചോദ്യം ചെയ്യലിലായി ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് പ്രതികള്‍  തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എന്‍ഐഎയുടെ നിലപാട്

വിവിധ മതവിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് സമൂഹത്തില്‍ രക്തച്ചൊരിച്ചല്‍ ഉണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്‌ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. ആദ്യം 10 പ്രതികളുടെ കസ്റ്റഡി അപേക്ഷയായിരുന്നു നല്‍കിയിരുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത സി ടി സുലൈമാന്റെ കസ്റ്റഡി അപേക്ഷയും  പുതുതായി കോടതിക്ക് നല്‍കിയിട്ടുണ്ട്.

Share this story