നിയമന നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ; കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല

priya

പ്രിയ വര്‍ഗീസിന്റെ നിയമന നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. വിധി നടപ്പാക്കുന്നതില്‍ സര്‍വകലാശാല നിയമോപദേശം തേടി. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുചേര്‍ക്കും.നിയമന നടപടികള്‍ക്കായുള്ള സ്‌ക്രീനിംഗിനും സെലക്ഷന്‍ കമ്മിറ്റികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പ്രിയ വര്‍ഗീസിന് യഥാര്‍ത്ഥ അധ്യാപന പരിചയമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ല. യുജിസി റെഗുലേഷന്‍ ആണ് പ്രധാനം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടി.

വിധിക്കെതിരായി അപ്പീല്‍ നല്‍കല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കണ്ണൂര്‍ സര്‍വകലാശാല. എന്നാല്‍ പ്രിയ വര്‍ഗീസ് അപ്പീല്‍ നല്‍കുന്നുണ്ടെങ്കില്‍ നല്‍കട്ടെ എന്നാണ് സര്‍വകലാശാല നിലപാട്. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കാനുള്ള കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയക്കാണ് ഒന്നാം റാങ്കിന് അര്‍ഹത.വിധിയിലെ തുടര്‍ നടപടികള്‍ക്കായി അടുത്ത ആഴ്ച്ച ആദ്യമാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് ചേര്‍ക്കുക.
 

Share this story