സംഘടനയ്ക്കെതിരായ ഹൈക്കോടതി പരാമർശം : മാധ്യമപ്രചാരണങ്ങൾ ദുരുദ്ദേശ്യപരമെന്ന് പോപുലർ ഫ്രണ്ട്
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കള്ളക്കേസ് എടുക്കുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

കോഴിക്കോട്: പോപുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും തീവ്ര സംഘടനകളും നിരോധിക്കപ്പെട്ടതുമാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ ദുരുദ്ദേശ്യപരമാണെന്ന് പോപുലർ ഫ്രണ്ട്. ഹൈക്കോടതി വിധിയിലെ ഒരു പരാമർശം ഉയർത്തിപ്പിടിച്ച്, നിയമപരമായും സുതാര്യമായും പ്രവർത്തിക്കുന്ന സംഘടനയ്ക്കെതിരെ പല മാധ്യമങ്ങളും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണ്. 

പൊതുജനമധ്യത്തിൽ സംഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പറഞ്ഞു.

പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകന്റെ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഭാര്യയുടെ ഹരജി തള്ളി ഹൈക്കോടതി നടത്തിയ പരാമർശങ്ങളാണ് തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നത്. എസ്.ഡി.പി.ഐയും പോപുലർ ഫ്രണ്ടും തീവ്രസ്വഭാവമുള്ള സംഘടനകളാണെങ്കിലും നിരോധിത സംഘടനകൾ അല്ലെന്നാണ് കോടതി പറഞ്ഞത്. 

എന്നാൽ, ഈ പരാമർശം മറച്ചുവച്ച് പോപുലർ ഫ്രണ്ട് നിരോധിത സംഘടനയാണെന്നാണ് പല മാധ്യമങ്ങളും വാർത്ത നൽകിയത്. വിധി കഴിഞ്ഞ അഞ്ചാം തിയതിയാണ് വന്നത്. പക്ഷെ സംഘടനയ്‌ക്കെതിരായ അപകീർത്തികരമായ പ്രചാരണം മാധ്യമങ്ങൾ ഏറ്റെടുക്കുന്നത് ഒരാഴ്ച കഴിഞ്ഞാണ്. ഇതിനുപിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് വ്യക്തമാണെന്നും അബ്ദുൽ സത്താർ ആരോപിച്ചു. 

Share this story