നിയമലംഘനങ്ങള്‍ നടത്തി നിരത്തുകളില്‍ ഇറങ്ങുന്ന മുഴുവന്‍ ടൂറിസ്റ്റ് ബസുകളും ഉടന്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം

high court

കൊച്ചി : നിയമലംഘനങ്ങള്‍ നടത്തി നിരത്തുകളില്‍ ഇറങ്ങുന്ന മുഴുവന്‍ ടൂറിസ്റ്റ് ബസുകളും ഉടന്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിയില്‍ ഇടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നിയമലംഘനം ശ്രദ്ധയില്‍ പെടുന്ന ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുക്കണമെന്ന് കേരളാ മോട്ടോര്‍ വാഹന വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.

നിരോധിത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളുമായി ഒരു ബസുകളും ഇനി നിരത്തുകളില്‍ ഇറങ്ങരുതെന്ന് കോടതി കര്‍ശനമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നിരത്തുകളില്‍ പരിശോധന നടത്താനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടുണ്ട്. ഇതിനുപുറമെ, ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിയില്‍ ഇടിച്ച് അപകടമുണ്ടായ വടക്കാഞ്ചേരിയിലെ പോലീസ് എസ്.എച്ച്.ഒയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഹൈക്കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും പി.ജി. അജിത് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടൂറിസ്റ്റ് ബസുകളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന് നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഉപയോഗിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും ഈ ടൂറിസ്റ്റ് ബസിന് ആരാണ് ഫിറ്റ്നസ് നല്‍കിയതെന്ന് ഹൈക്കോടതി ചോദിച്ചു. അപകടത്തില്‍ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ ചോദ്യം ഉന്നയിച്ചത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും ഹൈക്കോടതി വിശദീകരണം തേടി. കേസ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ന് വീണ്ടും പരിഗണിക്കും.

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിവരമറിഞ്ഞതിന് പിന്നാലെയാണ് ഹൈക്കോടതിയും സംഭവത്തില്‍ ഇടപെട്ടത്. നേരത്തെയും ടൂറിസ്റ്റ് ബസുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. ഈ ഘട്ടത്തിലാണ് ബസുകളില്‍ അധികമായി ഘടിപ്പിച്ചിരിക്കുന്ന ഫ്ളാഷ് ലൈറ്റുകളും ശബ്ദസംവിധാനങ്ങളും നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ബസില്‍ നിരോധിക്കപ്പെട്ട ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഉണ്ടായിരുന്നു.

Share this story