ചട്ട ലംഘനമെന്ന് കണ്ടെത്തൽ : കുഫോസ് വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി

google news
kufos

കൊച്ചി:  കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി. പുതിയ സെർച്ച് കമ്മിറ്റി ഉണ്ടാക്കാൻ ചാൻസലർക്ക് കോടതി നിർദേശം നല്‍കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ.കെ.റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിൻ്റെ നിയമനം എന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ വിധി. യുജിസി ചട്ടങ്ങൾ പാലിച്ച് കൊണ്ട് പുതിയ വിസിയെ നിയമിക്കാനും വിധിയിൽ പറയുന്നു. 

കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു  യു ജി സി ചട്ടപ്രകാരം അല്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹര്‍ജി എത്തിയത്. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന  എറണാകുളം സ്വദേശി   ഡോ. കെ.കെ. വിജയൻ ആണ് ഹർജി നൽകിയത്.  യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു ഡോ.കെ.കെ വിജയൻ നൽകിയ ഹര്‍ജിയിലെ പ്രധാന വാദം. 

തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി ജോൺ പി.എച്ച്.ഡി  കാലയളവായ മൂന്നു വർഷം പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയത്.   റിജി ജോണിനെ നിർദ്ദേശിച്ച  സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരും , ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും  ഹർജിക്കാർ ആരോപിക്കുന്നുണ്ട് . എന്നാൽ കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ  യു.ജി.സി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന്  ബാധകമല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.

Tags