കനത്ത മഴ : വയനാട് - കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പേര്യചുരം റോഡ് തകർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ചു

google news
perya churam road

പേര്യ : കനത്തമഴയിൽ ഉരുൾപൊട്ടി വയനാട് - കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പേര്യചുരം റോഡ് തകർന്നു. തിങ്കളാഴ്ച രാത്രിയാണ് പേര്യ ചുരത്തിൽ ഉരുൾപൊട്ടൽ ഉണ്ടായത്. 29-ാം മൈലിലെ സെമിനാരിവില്ലയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയത്.

ഇതുകാരണം മൂന്നു കിലോമീറ്റർ ദൂരത്തിൽ വലിയതോതിൽ കല്ലും മണ്ണും മരങ്ങളും ചുരം റോഡിൽ നിറഞ്ഞു. സെമിനാരിവില്ല മുതൽ നെടുംപൊയിൽ വരെയുള്ള നാലു കിലോമീറ്ററിനുള്ളിൽ അഞ്ചിടങ്ങളിലായി വലിയ തോതിൽ പേര്യ ചുരം റോഡ് തകർന്നിട്ടുണ്ട്. ഇതു കൂടാതെ പേര്യ ചന്ദനത്തോട് മുതൽ സെമിനാരി വില്ലവരെയുള്ള ആറു കിലോമീറ്ററിനുള്ളിൽ പതിന്നാല് സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലും ഉണ്ടായി. വലിയ പാറക്കൂട്ടങ്ങൾ ചുരം റോഡിലേക്ക് നിരങ്ങിയെത്തി. ചിലയിടങ്ങളിൽ റോഡ് ഇടിഞ്ഞുതാഴുകയും ചെയ്തിട്ടുണ്ട്.

മലവെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ ചുരം റോഡ് പല സ്ഥലങ്ങളിലും പൊട്ടിപ്പിളർന്നിട്ടുമുണ്ട്. അപകടകരമായ രീതിയിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പേര്യ ചുരം റോഡ് തകർന്നതോടെ മാനന്തവാടി - തലശ്ശേരി റോഡിൽ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി തന്നെ കണ്ണവം വനത്തിൽ ഉരുൾപൊട്ടിയതോടെ നിടുംപൊയിൽ ടൗണിലും വെള്ളം ഇരച്ചെത്തിയിരുന്നു. ഇതുകൊണ്ട് തന്നെ മാനന്തവാടിയിലേക്കുള്ള ഗതാഗതം ഇവിടെയും തടസ്സപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പേര്യച്ചുരം റോഡിലെ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്യാൻ തുടങ്ങിയെങ്കിലും വൈകീട്ടോടെ ഭാഗികമായി മാത്രമാണ് പൂർത്തിയാക്കാനായത്. ബുധനാഴ്ചയോടെ മാത്രമേ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന വിധത്തിൽ ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കാൻ കഴിയുകയുള്ളുവെന്നാണ് അധികൃതരുടെ നിഗമനം.

കണിച്ചാർ ഗ്രാമപ്പഞ്ചായത്തും, തലപ്പുഴ, കണ്ണവം പോലീസുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അഗ്നിശമന സേനയെ കൂടാതെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. പേര്യച്ചുരത്തിലെ ഗതാഗത തടസ്സത്തെ തുടർന്ന് വാഹനങ്ങൾ പാൽച്ചുരം വഴിതിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ പാൽച്ചുരം റോഡിൽ ഭാരം കൂടുതലുള്ള വലിയ വാഹനങ്ങൾക്ക് താത്കാലികമായി അധികൃതർ നിരോധനമേർപ്പെടുത്തുകയും ചെയ്തു.

Tags