മലയോരത്ത് കനത്ത മഴ : ഉരുൾപൊട്ടൽ, മിന്നൽ പ്രളയം ; ജാഗ്രത
urulpottal

ഈരാറ്റുപേട്ട: ഞായറാഴ്ച വൈകീട്ട് മൂന്നോടെയുണ്ടായ കനത്തമഴയിൽ മൂന്നിലവിൽ ഉരുൾപ്പൊട്ടൽ. മൂന്നിലവ് വാളകം കവനശ്ശേരി ഭാഗത്ത് ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ഉരുൾപൊട്ടിയത്. ഉരുൾ വെള്ളപ്പാച്ചിലിൽ മൂന്നിലവ് ടൗൺ അടക്കം വെള്ളത്തിലായി. നിമിഷങ്ങൾക്കുള്ളിലായിരുന്നു ടൗണിൽ വെള്ളം ഉയർന്നത്. എട്ട് അടിയോളം വെള്ളമുയർന്നതായി നാട്ടുകാർ പറഞ്ഞു. മൂന്നിലവ് പഞ്ചായത്ത് ഓഫിസ്, റേഷൻകട, മാവേലിസ്റ്റോർ എന്നിവിടങ്ങളിലും വെള്ളം കയറി.

വാകക്കാട്-രണ്ടാറ്റുമുന്നി പാലം വെള്ളത്തിലായി. വാകക്കാട്-ഇടമറുക് റോഡിൽ ഗതാഗതം മുടങ്ങി. മേലുകാവ്, തലനാട് പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തിറങ്ങിയത്. മഴ ശക്തമായി തുടരുന്നതിനിടെയായിരുന്നു വാളകം കവനശ്ശേരി ഭാഗത്ത് ഉരുൾപൊട്ടി വെള്ളം കുതിച്ചുപാഞ്ഞത്. വെള്ളത്തിനൊപ്പമെത്തിയ കല്ലുകൾവീണ് മേച്ചാൽ-വാളകം റോഡിൽ ഗതാഗതം മുടങ്ങി.

വാളകം, പോട്ടൻപരകല്ല്, കവനശ്ശേരി ഭാഗങ്ങളിലും കല്ലുകൾ വീണ് ഗതാഗത തടസ്സമുണ്ടായി. പ്രദേശത്ത് വ്യാപക മരങ്ങൾ കടപുഴകി. വൈദ്യുതി തൂണുകളും തകർന്നു. മേഖലയിലെ വൈദ്യുതിബന്ധവും താറുമാറായി. അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്.

മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്.ജില്ലയിൽ ഞായറാഴ്ച വൈകീട്ട് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ കനത്തമഴയാണ് പെയ്തിറങ്ങിയത്. മുണ്ടക്കയം-ഏരുമേലി സംസ്ഥാനപാതയിലും വെള്ളംകയറി.

Share this story