കനത്ത മഴയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ മുന്നറിയിപ്പുകൾ പൂർണമായും പാലിക്കണം : മന്ത്രി പി. രാജീവ്
Minister P Rajeev

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ മുന്നറിയിപ്പുകൾ പൂർണമായും പാലിക്കണമെന്നും എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. അപകടകരമായ അവസ്ഥ ഇല്ല. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ല. പെരിയാറിൽ ജാഗ്രത വേണം. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി നഗരത്തിലെ വെള്ളക്കെട്ടിൽ മാറ്റം ഉണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിൽ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കുകയാണ്. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്.

Share this story