കനത്ത മഴയിൽ തൃശ്ശൂർ ആദിവാസി കോളനിയിൽ ഒറ്റപ്പെട്ട 3 ഗര്‍ഭിണികളെ രക്ഷിച്ച്‌ ആരോഗ്യ വകുപ്പ്
helping pregnant women

തൃശ്ശൂർ: കനത്ത മഴയിൽ തൃശ്ശൂർ മുക്കുംപുഴ ആദിവാസി കോളനിയിൽ ഒറ്റപ്പെട്ട 3 ഗര്‍ഭിണികൾക്ക് വനത്തിനകത്ത് സഹായമെത്തിച്ച് ആരോഗ്യ വകുപ്പ്. വനം വകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് ഇവരെ വനമധ്യത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഗർഭിണികളിൽ ഒരാൾ കാട്ടിൽ വച്ച് തന്നെ പ്രസവിച്ചിരുന്നു. നവജാത ശിശുവിനെയും അമ്മയെയും മറ്റ് രണ്ട് ഗ‌ർഭിണികളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ മഴ വക വയ്ക്കാതെ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്.

അമ്മയ്ക്ക് ഉയര്‍ന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറാന്‍  തയ്യാറായിരുന്നില്ല. പിന്നീട് ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ഇവരിപ്പോൾ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു.

കാട്ടില്‍ നിന്ന് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ ആരോഗ്യ വകുപ്പ് സംഘത്തെ വീണാ ജോര്‍ജ് അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരെ സഹായിച്ച പൊലീസിനും വനം വകുപ്പിനും മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു.

Share this story