തൃശൂരിൽ ഒരു കോടിയുടെ ഹാഷിഷ് ഓയിൽ വേട്ട; 2 സ്ത്രീകളുൾപ്പെടെ 4 പേർ അറസ്റ്റിൽ
thrissur

തൃശൂരിൽ ഒരു കോടിയുടെ ഹാഷിഷ് ഓയിൽ വേട്ട. സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ നാലു പേർ അറസ്റ്റിൽ. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരാണ് പിടിയിലായത് .

ആന്ധ്രയിൽ നിന്നും തൃശൂരിലേക്ക് കഞ്ചാവ് എത്തിക്കുന്നു എന്ന് തൃശൂർ സിറ്റി കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തൃശൂർ വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനടയിൽ വെച്ച് ഇവരെ പിടികൂടി പരിശോധിച്ചതിൽ നിന്നും ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു. ഇതിൽ അഷ്റഫ് ആണ് പ്രധാന പ്രതി. ഇവർ ഇതിനുമുമ്പും നിരവധി തവണ ഹാഷിഷ് ഓയിലും, കഞ്ചാവും ആന്ധ്രയിൽ നിന്നും എത്തിച്ച്, ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും, എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും എത്തിച്ചു വിൽപ്പന നടത്തിയിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരാണ് ഇവരുടെ ഉപഭോക്താക്കൾ. ഇപ്പോൾ പിടികൂടിയിട്ടുള്ള ഹാഷിഷ് ഓയിലിന് ചില്ലറ വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും. 100 കിഗ്രാം കഞ്ചാവ് വാറ്റുമ്പോളാണ് 1 കിഗ്രാം ശുദ്ധമായ ഹാഷിഷ് ഓയിൽ ലഭിക്കുകയുള്ളൂ.

അഷ്റഫിന്റെ കൈവശം നിന്നും 8 കി.ഗ്രാം കഞ്ചാവ് പിടികൂടിയതിന് പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലും, 2 കിഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയതിന് ചാവക്കാട് പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യത്തിനിറങ്ങിയാണ് ഇപ്പോൾ വീണ്ടും ലഹരികടത്ത് ആരംഭിച്ചിട്ടുള്ളത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയിൽ വഴിമധ്യേ പൊലീസ് പരിശോധിക്കുമ്പോൾ സംശയം വരാതിരിക്കുവാനാണ് സ്ത്രീകളെ കൂടെ കൂട്ടുന്നത്.

Share this story