ഭണ്ഡാരം വരവിൽ ഇത്തവണ റെക്കോർഡിട്ട് ഗുരുവായൂർ ക്ഷേത്രം
Sat, 23 Apr 2022

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ റെക്കോർഡിട്ട് ഭണ്ഡാരം വരവ്. 5.74 കോടിയിലേറെ രൂപയാണ് ഇത്തവണ ആകെ ലഭിച്ചത്. ഏപ്രിൽ മാസത്തെ ഭണ്ഡാരം വരവ് കണക്കാക്കിയപ്പോഴാണ് ഇത്രയധികം രൂപയുടെ വരവ് ലഭിച്ചത്.
അഞ്ചരക്കോടി രൂപയിലേറെ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്‌തമാക്കി. 5 കോടി രൂപ തന്നെ അപൂർവമായാണ് കടക്കുക. ഇത്തവണത്തെ ഭണ്ഡാര വരവിൽ മൂന്ന് കിലോ 98 ഗ്രാം സ്വര്‍ണവും 11 കിലോ 630 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.
ഏപ്രിൽ മാസത്തിൽ വിഷു ഉൾപ്പടെയുള്ള വിശേഷ ദിനങ്ങളിൽ നിരവധി ആളുകൾ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു. ഇതാണ് ഇത്തവണ റെക്കോർഡ് ഭണ്ഡാര വരവ് ലഭിക്കാൻ കാരണം.