വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മറ്റി അംഗത്തെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണറുടെ കത്ത്; നിയമോപദേശം തേടി കേരള സര്‍വകലാശാല

google news
കേരള സർവകലാശാല പരീക്ഷകൾ മാറ്റി

വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മറ്റി അംഗത്തെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണറുടെ കത്തില്‍ നിയമോപദേശം തേടി കേരള സര്‍വകലാശാല. സര്‍വകലാശാലയെ മറികടന്ന് ഗവര്‍ണര്‍ വിസിയെ തീരുമാനിച്ചാല്‍ എന്തുചെയ്യണമെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. അടിയന്തരമായി സെനറ്റ് യോഗം ചേര്‍ന്ന് പ്രതിനിധിയെ നിര്‍ദ്ദേശിക്കാനാണ് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം.
പുതിയ വിസിയെ തീരുമാനിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തോട് സര്‍വകലാശാല സഹകരിക്കില്ല. രണ്ടംഗ കമ്മിറ്റിയെ കൊണ്ട് വൈസ് ചാന്‍സലറെ കണ്ടെത്തി നിയമിക്കാനുള്ള നീക്കം ഉണ്ടായാല്‍ അത് തടയാനുള്ള നിയമവഴികളാണ് സര്‍വകലാശാല തേടുന്നത്. നിലവിലെ സര്‍വകലാശാല നിയമ പ്രകാരം സെര്‍ച്ച് കമ്മിറ്റിയില്‍ മൂന്നംഗങ്ങളാണ് വേണ്ടത്. ഇതില്‍ ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളെ തീരുമാനിച്ചു കഴിഞ്ഞു. പ്രതിനിധിയെ നിശ്ചയിച്ചു നല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യത്തോട് സര്‍വകലാശാല നേരത്തെ മുഖം തിരിച്ചതാണ്. സര്‍വകലാശാല ഭേദഗതി ബില്‍ പാസായശേഷം അഞ്ചംഗ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാരിന് താല്പര്യമുള്ളവരെ വിസിയാക്കാനായിരുന്നു ശ്രമം. ഇതിനു തടയിടാനാണ് അടിയന്തരമായി പേര് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയ സര്‍വകലാശാല ഇപ്പോഴും ശക്തമായ നിലപാടെടുക്കാന്‍ തന്നെയാണ് സാധ്യത. സെനറ്റ് യോഗം ചേരേണ്ട തീയതിയും തുടര്‍ നടപടികളും രണ്ടുദിവസത്തിനുള്ളില്‍ സര്‍വ്വകലാശാല തീരുമാനിക്കും.

Tags